ദുംക : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പിൻവാതിലിലൂടെ മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ ഹേമന്ത് സോറൻ ഗൂഢാലോചന നടത്തുന്നുവെന്ന് അമിത് ഷാ തുറന്നടിച്ചു. ദുംകയിലെ പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് അമിത് ഷാ ജെഎംഎം നേതാവിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
ഹേമന്ത് സോറന്റെ ഇത്തരം ശ്രമങ്ങൾ ബിജെപി പരാജയപ്പെടുത്തും. കുറഞ്ഞുവരുന്ന ഗോത്രവർഗ്ഗ ജനസംഖ്യയുടെ ഉത്തരവാദിത്വം സോറൻ്റ തലയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ പിന്തുണയോടെ ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും പദ്ധതികൾ വിജയിക്കാൻ ബിജെപി അനുവദിക്കില്ല. ജാർഖണ്ഡ് സർക്കാർ വോട്ട് ബാങ്കിന് വേണ്ടിയുള്ള നുഴഞ്ഞുകയറ്റത്തെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നുഴഞ്ഞുകയറ്റക്കാരെ ജാർഖണ്ഡിലേക്ക് കടക്കാനും വനവാസി സ്ത്രീകളെ വിവാഹം കഴിക്കാനും അനുവദിക്കുന്നതിനാൽ വനവാസി ജനസംഖ്യ കുറയുന്നതിന് ഹേമന്ത് സോറനാണ് ഉത്തരവാദി. അവർ ഇവിടെ വനവാസികളുടെ ഭൂമി തട്ടിയെടുക്കുകയാണ്, അത് അനുവദനീയമല്ലെന്നും ഷാ ഉറപ്പിച്ചു പറഞ്ഞു.
കൂടാതെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 10 വർഷം കൊണ്ട് ജാർഖണ്ഡിന് 84,000 കോടി രൂപ നൽകിയപ്പോൾ പ്രധാനമന്ത്രി മോദി സംസ്ഥാനത്തിന് 3.90 ലക്ഷം കോടി രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹേമന്ത് സോറൻ അഴിമതിയിലും ഫണ്ട് കൊള്ളയിലും ഏർപ്പെടുകയാണ്. ഈ സാഹചര്യത്തിൽ സോറന്റെ ഭരണകൂടത്തെ പിടിച്ച് പുറത്താക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: