നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികളായ എസ്ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉപാധികളോടെ സർവീസിൽ തിരിച്ചെടുക്കാൻ ഹൈകോടതി ഉത്തരവിട്ടു. എസ്ഐ കെ എ സാബു, എഎസ്ഐ സി ബി റെജിമോൻ, സിപിഒ എസ് നിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണി എന്നിവരെയാണ് തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
ഇടുക്കി ജില്ലയിൽ നിയമനം നൽകരുതെന്ന വ്യവസ്ഥയോടെയാണ് തിരിച്ചെടുക്കാനുള്ള ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. സസ്പെൻഷനെതിരെ പോലീസ് ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാൻസ് സാമ്പത്തികത്തട്ടിപ്പു കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ 2019 ജൂൺ 21നാണു പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ചത്. സംഭവത്തെത്തുടർന്നു നെടുങ്കണ്ടം സ്റ്റേഷനിലെ 52 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.
രാജ്കുമാറിന്റെ മരണം പൊലീസിന്റെ മർദനം മൂലമാണെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് റിപ്പോർട്ട് നൽകിയതിനെത്തുടർന്നു സർക്കാരും സിബിഐ അന്വേഷണത്തിന് ഉത്തരവിറക്കിയിരുന്നു. മരണം ന്യുമോണിയ ബാധിച്ചാണെന്ന ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും തള്ളിയാണ് പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക