ശബരിമല: മറ്റൊരു തീര്‍ത്ഥാടന കാലത്തിന് കൂടി തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട തുറന്നു. വെളളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് നട തുറന്നത്.
ഇതിന് ശേഷം മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. ഇതോടെ 41 നാള്‍ നീളുന്ന മണ്ഡല കാല തീര്‍ഥാടനത്തിനു തുടക്കമായി.
മേല്‍ശാന്തി താഴെ കാത്തുനിന്ന നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. പിന്നാലെ ഭക്തരും പടി ചവിട്ടിത്തുടങ്ങി.
ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയുടെ അഭിഷേക ചടങ്ങുകള്‍ അല്‍പ സമയത്തിനകം സന്നിധാനത്ത് ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. നിയുക്ത മേല്‍ശാന്തിയെ അഭിഷേകം ചെയ്ത് അവരോധിച്ചശേഷം ശ്രീകോവിലിനുള്ളിലെത്തിച്ച് മൂലമന്ത്രം ഓതിക്കൊടുക്കും.
മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയുടെ അഭിഷേകവും തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തനും സന്നിഹിതനാകും. മേല്‍ശാന്തി മഹേഷ് നമ്പൂതിരി നട അടച്ച് താക്കോല്‍ ദേവസ്വം അധികൃതരെ ഏല്പിക്കുന്നതോടെ ഒരുവര്‍ഷത്തെ അയ്യപ്പപൂജ പൂര്‍ത്തിയാക്കി അദ്ദേഹം മലയിറങ്ങും.
വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും. ശനിയാഴ്ച മുതല്‍ പുലര്‍ച്ചെ മൂന്നിനാണ് നട തുറക്കുന്നത്.
ഇന്ന് ഉച്ചയ്‌ക്ക് ഒന്ന് മുതല്‍ ഭക്തരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങി. വെളളിയാഴ്ച ദര്‍ശനത്തിനാPയി 30000 പേരാണ് ഓണ്‍ലൈനായി ബുക്ക് ചെയ്തിരിക്കുന്നത്.
ഡിസംബര്‍ 22നാണ് തങ്കഅങ്കി ഘോഷയാത്ര തുടങ്ങുക. ഡിസംബര്‍ 26ന് രാവിലെ 11.30ന് തങ്കഅങ്കി ചാര്‍ത്തും. രാത്രി പത്ത് മണിക്ക് നടയടക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും. ഡിസംബര്‍ 30നാണ് മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നടതുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: