Kerala

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം, ഗൂഗിൾ മാപ്പ് ചതിച്ചതാകാമെന്ന് നാട്ടുകാർ

Published by

കണ്ണൂർ: കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ച് മിനി ബസ് മറിയുകയായിരുന്നു. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.

ഗൂഗിൾ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നാടകസംഘത്തിന് ഇന്നലെ കണ്ണൂരിലായിരുന്നു പരിപാടി. അതുകഴിഞ്ഞ് ഇന്ന് ബത്തേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടമുണ്ടായത്. കേളകത്ത് നിന്ന് നെടുംപൊയിൽ ചുരം വഴി വയനാട്ടിലെത്താനായിരുന്നു സംഘം ആദ്യം ശ്രമിച്ചത്. എന്നാൽ ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി ഉള്ളതുമൂലം ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

തുടർന്ന് മറ്റൊരു എളുപ്പവഴിയിലൂടെ വയനാട്ടിൽ പോകവേയാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by