Samskriti

വത്തിക്കാനിലെ ലോകമതപാര്‍ലമെന്റ് : മാര്‍പാപ്പ സന്ദേശം നല്‍കും; ഇറ്റാലിയന്‍ ഭാഷയില്‍ ദൈവദശകം ചൊല്ലും

Published by

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍ ആലുവാ അദ്വൈതാശ്രമത്തില്‍ വച്ച് ഇദംപ്രഥമമായി നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ വച്ച് നടത്തുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 29, 30 ഡിസംബര്‍ 1 തീയതികളിലായി നടത്തപ്പെടുന്ന സമ്മേളന പരമ്പരകളില്‍ കേരളത്തില്‍ നിന്നും വിവിധ മതങ്ങളില്‍പ്പെട്ട 150 പ്രതിനിധികളും കൂടാതെ ഇറ്റലിയില്‍ നിന്നും 109 പ്രതിനിധികളും പങ്കാളികളാകും. അമേരിക്ക, ജര്‍മ്മനി, ഇന്‍ഡോനേഷ്യ, യു.കെ., സിംഗപ്പൂര്‍, യു.എ.ഇ., ബഹറിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
29 ന് സര്‍വ്വസമുദായമൈത്രിക്ക് വേണ്ടി ഹൈന്ദവ, െ്രെകസ്തവ, ഇസ്ലാം, ബുദ്ധ, സിഖ്, യഹൂദ മതങ്ങളിലെ പുരോഹിതന്‍മാരും ശിവഗിരിമഠത്തിലെ സംന്യാസി ശ്രേഷ്ഠരും പങ്കെടുക്കുന്ന സ്‌നേഹസംഗമം നടക്കും. 30 ന് രാവിലെ നടക്കുന്ന ലോകമതപാര്‍ലമെന്റില്‍ പരിശുദ്ധ മാര്‍പാപ്പ സന്ദേശം നല്‍കി അനുഗ്രഹിക്കും. ഗുരുദേവന്റെ ദൈവദശകം ഇറ്റാലിയന്‍ ഭാഷയില്‍ ആലാപനം ചെയ്തുകൊണ്ടാവും സമ്മേളനം ആരംഭിക്കുന്നത്. കര്‍ദ്ദിനാള്‍ മിഖ്വേല്‍ ആംഗല്‍ അയുസോ ക്വിസോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, മുന്‍ ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ഗുരുധര്‍മ്മപ്രചരണസഭാസെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി വിശാലാനന്ദ, ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ തുടങ്ങിയവര്‍ പങ്കെടുക്കും.

സാദിഖ് അലി തങ്ങള്‍, കര്‍ണ്ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ഫാ. ഡേവിഡ് ചിറമേല്‍, രജ്ജിത്സിംഗ് പഞ്ചാബ്, എ.വി. അനൂപ് മെഡിമിക്‌സ്, കെ. മുരളീധരന്‍ മുരളിയ, ഡോ. സി.കെ.രവി, ഗോപുനന്ദിലത്ത്, മണപ്പുറം നന്ദകുമാര്‍, ഫൈസല്‍ഖാന്‍ നിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും. റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റി, ഇന്റര്‍ ഫെയ്‌സ് ഡയലോഗിന്റെ അധ്യക്ഷന്‍ റവ.ഫാദര്‍ മിഥിന്‍ ജെ. ഫ്രാന്‍സിസ്, മോഡറേറ്ററായി നടത്തുന്ന മതസംഗമത്തില്‍ ഹൈന്ദവ, െ്രെകസ്തവ ഇസ്ലാം, ജൂത പ്രതിനിധികള്‍ സംബന്ധിക്കും. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും എന്ന വിഷയത്തെക്കുറിച്ച് സച്ചിദാനന്ദ സ്വാമി മുഖ്യപ്രഭാഷണം നടത്തും. ലോകമതപാര്‍ലമെന്റ് സംഘാടക സമിതി ചെയര്‍മാന്‍, കെ.ജി. ബാബുരാജ് (ബഹറിന്‍), സ്വാമി വീരേശ്വരാനന്ദ (സെക്രട്ടറി), ചാണ്ടി ഉമ്മന്‍ എം.എല്‍.എ. (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ സമ്മേളന പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.
ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും ആസ്പദമാക്കി ഗ്രന്ഥങ്ങളും ധര്‍മ്മസംഘത്തിന്റെ വിശേഷാല്‍ പാരിതോഷികങ്ങളും മാര്‍പാപ്പയ്‌ക്ക് ശിവഗിരി മഠം പ്രതിനിധികള്‍ സമര്‍പ്പിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by