Kerala

41 ദിവസത്തെ കഠിന വ്രതവുമായി കാനന പാതയിലൂടെ ഒരു യാത്ര, ഭക്തിയുടെ മുന്നില്‍ പ്രതിസന്ധികള്‍ വഴിമാറുന്ന യാത്ര

Published by

മണ്ഡല മാസത്തില്‍ 41 ദിവസത്തെ കഠിന വ്രതവുമായി കാനന പാതയിലൂടെ ഒരു യാത്ര. ഭക്തിയുടെ മുന്നില്‍ പ്രതിസന്ധികള്‍ വഴിമാറുന്ന യാത്ര.
തത്ത്വമസിയുടെ പൊരുള്‍ തേടിയുള്ള യാത്ര…

വണ്ടിപ്പെരിയാറിലെ സത്രത്തില്‍ നിന്ന് ശബരിമലയിലേക്കുള്ള കാനന തീര്‍ഥാടനപാത, പുല്‍മേട്ടിലൂടെ 12 കിലോമീറ്റര്‍ നീളുന്നു. പെരിയാര്‍ കടുവാസങ്കേതത്തിലെ ഈ പ്രദേശത്തേക്ക് വൃശ്ചികത്തിലെ തീര്‍ത്ഥാടനകാലത്തുമാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
പൂങ്കാവനത്തിലേക്ക് പ്രവേശനം

സത്രത്തില്‍ നിന്നാണ് വനത്തിലേക്കുള്ള പ്രവേശനം. വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്ന് 13 കിലോമീറ്റര്‍ ബസ്സില്‍ യാത്ര ചെയ്ത് സത്രത്തില്‍ എത്താം. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വള്ളക്കടവിലേക്കുള്ള ബസ് പിടിക്കാം. അവിടെ നിന്ന് തേയിലത്തോട്ടങ്ങള്‍ക്കും പുല്‍മേടുകള്‍ക്കും ഇടയിലൂടെ നാലു കിലോമീറ്റര്‍ നടന്നും സത്രത്തിലെത്താം.

കല്ലും മുള്ളും നിറഞ്ഞ ശരണവീഥി

കുത്തനെയുള്ള കയറ്റത്തിലൂടെ കാനനപാത ആരംഭിക്കുന്നു. ഒരു കിലോമീറ്ററോളം കയറ്റമാണ്. പിടിച്ചുകയറാന്‍ പലയിടത്തും വടം കെട്ടിയിട്ടുണ്ട്. കയറാന്‍ പാടുപെടുന്നവരെയും ശരണംവിളി പകരുന്ന ശക്തിയില്‍ അനായാസം നടന്നുകയറുന്നവരെയും ഇവിടെ കാണാം.

ഇടതൂര്‍ന്ന വനത്തില്‍ നിന്ന് മലകയറി ചെല്ലുന്നത് വിശാലമായ പുല്‍മേട്ടിലേക്കാണ്. മലമുകളിലെ കുളിര്‍ക്കാറ്റ് ഏല്‍ക്കുന്നതോടെ കാലിന്റെ വേദന പമ്പകടക്കും. പിന്നിലേക്ക് നോക്കിയാല്‍ വണ്ടിപ്പെരിയാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന വിശാലമായ കാഴ്ച കാണാം.

പെരിയാര്‍ നദിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മലനിരകളാണിവ. തുറസ്സായ വഴിയാണ് മുന്നോട്ട്. നോക്കെത്താദൂരത്ത് മൊട്ടക്കുന്നുകള്‍, അവിടിവിടെ ഷോലവനങ്ങള്‍… സീതക്കുളം, സീറോ പോയിന്റ്, ഉപ്പുപാറ, തണ്ണിത്തൊട്ടി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു ഈ മനോഹരമായ പാത.

കാനനപാതയിലൂടെയുള്ള കാല്‍നടയാത്രയ്‌ക്ക് മലയാളികള്‍ കുറവാണ്. അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കാനന പാത കൂടുതലും തെരഞ്ഞെടുക്കുന്നത്. ഇടയ്‌ക്ക് പ്രത്യക്ഷപ്പെടുന്ന ഷോലവനങ്ങളിലൂടെ കുളിരേകുന്ന അരുവിയൊഴുകുന്നു. ശരീരം തണുപ്പിക്കാന്‍ അയ്യപ്പന്‍മാര്‍ക്ക് ഇവിടെ ഒരിടവേള പതിവാണ്.

ആറുകിലോമീറ്റര്‍ കഴിയുമ്പോള്‍ വനസേവാ സംഘത്തിന്റെ ഭോജനശാലയെത്തും. കപ്പയും കഞ്ഞിയുമാണ് പ്രധാനവിഭവം. തീര്‍ഥാടകര്‍ക്ക് വൈദ്യസഹായത്തിനുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വഴിയോരത്ത് പലയിടങ്ങളിലും വനംവകുപ്പിന്റെ നിരീക്ഷണനിലയങ്ങളും കാണാം.

നട്ടുച്ചയ്‌ക്കും ചെറുതണുപ്പോടു കൂടിയ വെയില്‍. ശരാശരി വേഗത്തിലുള്ള നടത്തമാണെങ്കില്‍ ഉച്ച കഴിയുന്നതോടെ പുല്‍മേടുകളോട് വിടപറയും. പിന്നീട് കുത്തനെയുള്ള ഇറക്കം ആരംഭിക്കുകയാണ്. അത്ര അകലെയല്ലാതെ ശബരിമല സമുച്ചയം കാണാം. പാത ഇടതൂര്‍ന്ന കാട്ടിലേക്ക് പ്രവേശിക്കുന്നു. മരത്തണലില്‍ ഒരല്‍പനേരം വിശ്രമിച്ച ശേഷമാണ് മിക്കവരും നടപ്പ് തുടരുക. തുടര്‍ന്നു നാലുകിലോമീറ്ററോളം ഇടുങ്ങിയതും ചെങ്കുത്തുമായ പാതയാണ്.

തളര്‍ന്ന് അവശരായ യുവാക്കളെ പിന്നിലാക്കി എണ്‍പതും തൊണ്ണൂറും വയസ്സുള്ള അയ്യപ്പഭക്തര്‍ സന്നിധാനം ലക്ഷ്യമാക്കി മുന്നേറുന്നത് ശബരിപാതയിലെ അത്ഭുതക്കാഴ്ചയാണ്.

സന്നിധാനത്തേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് ഉരക്കുഴി തീര്‍ഥം. ഒരാള്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ പാകത്തിനുള്ള വിസ്താരം കുറഞ്ഞ കുഴിയിലേക്ക് വന്നുപതിക്കുന്ന വെള്ളച്ചാട്ടം. ഒരാള്‍ക്കുഴി എന്ന പേര് ലോപിച്ച് ഉരക്കുഴിയായി. മഹിഷീനിഗ്രഹം കഴിഞ്ഞെത്തിയ മണികണ്ഠന്‍ ഉരക്കുഴി തീര്‍ഥത്തില്‍ സ്‌നാനം ചെയ്തതായി വിശ്വസിക്കുന്നു. ഒട്ടുമിക്ക ഭക്തരും ഇവിടെ കുളിച്ചശേഷമാണ് സന്നിധാനത്തേക്ക് പ്രവേശിക്കുന്നത്.

ഒരു പകല്‍മുഴുവന്‍ നടന്നതിന്റെ ക്ഷീണമെല്ലാം മലമുകളില്‍ നിന്നുള്ള ഈ കുളിരേകുന്ന ജലത്തില്‍ അലിഞ്ഞ് ഇല്ലാതാകുന്നു. തുടര്‍ന്ന് ശരണം വിളിയുടെ ശക്തിയില്‍ സന്നിധാനത്തേക്ക്.

അതെ, കാനനപാതയിലൂടെയുള്ള ഈ കാല്‍നടയാത്ര നല്‍കുന്നത് അതുല്യമായൊരു അനുഭവമാണ്; പ്രകൃതിയുടെ ദൈവീകസ്പര്‍ശത്തില്‍, വിശ്വാസത്തിന്റെ പാരമ്യത്തില്‍, കല്ലും മുള്ളും പൂമെത്തയാകുന്ന ദിവ്യാനുഭവം…

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by