ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഭാരതം ഭദ്രമാക്കി. നാല് മത്സര പരമ്പരയില്‍ കഴിഞ്ഞ ദിവസം മൂന്നാം മത്സരം 11 റണ്‍സിന് ജയിച്ചതിലൂടെ ഭാരതം 2-1ന് മുന്നിലാണ്. ഇന്ന് ജോഹന്നാസ് ബര്‍ഗില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും മത്സരം ജയിച്ചാല്‍ ഭാരതത്തിന് മാത്രമായി പരമ്പര സ്വന്തമാക്കാം.
ചരിത്രപ്രസിദ്ധമായ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2ന് ഇരുകൂട്ടര്‍ക്കും പങ്കുവയ്ക്കേണ്ടിവരും. മത്സരം സമനിലയിലായാലോ ഏതെങ്കിലും കാരണവശാല്‍ മുടങ്ങിപ്പോയാലോ ഇപ്പോഴത്തെ ലീഡിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിന് മാത്രമായി പരമ്പര സ്വന്തമാകും.
നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഭാരതം നേടിയ ആറിന് 219നെതിരെ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 11 റണ്‍സി തിലക് വര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറി പ്രകടനമാണ് ഭാരത വിജയത്തിന് അടിത്തറയായത്. കളി തുടങ്ങി രണ്ടാം പന്തില്‍ തന്നെ ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരന്‍ സഞ്ജുവിനെ നഷ്ടമായി മാര്‍ക്കോ ജാന്‍സെന്റെ അത്യുഗ്രന്‍ ഇന്‍സ്വിങ്ങറില്‍ ഓഫ് സ്റ്റമ്പ് ഇളകി. തുടര്‍ന്ന് നായകന് സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലേക്ക് സ്വയം ഇറങ്ങിയിട്ട് തിലകിനെ ക്രീസിലേക്ക് അയക്കുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ചേര്‍ന്ന തിലക് നായകന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം കാഴ്ച്ചവച്ചുകൊണ്ടിരുന്നു. ഭാരത ഇന്നിങ്സ് തീരുമ്പോഴും പുറത്താകാതെ തിലക് മത്സരം തന്റെതാക്കി മാറ്റി. 56 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളും ഏഴ് സിക്സറുകളും സഹിതം 107 റണ്‍സാണ് തിലക് നേടിയത്.
അര്‍ദ്ധസെഞ്ച്വറി തികയ്ക്കും വരെ അഭിഷേക് ശര്‍മയാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി നിറഞ്ഞത്. മൂന്ന് ബൗണ്ടറികളും അഞ്ച് സിക്സറും സഹിതം 25 പന്തില്‍ 50 റണ്‍സെടുത്ത അഭിഷേക് കേശവ് മഹാരാജിന്റെ പന്തില്‍ പുറത്തായി.
പിന്നാലെയെത്തിയ സൂര്യകുമാര്‍(ഒന്ന്) നിരാശപ്പെടുത്തി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ മികച്ച ബാറ്റിങ്ങുമായി സ്കോറിങ് തുടര്‍ന്നെങ്കിലും അധികനേരം പിടിച്ചുനിന്നില്ല(18). റിങ്കു സിങ്ങും(എട്ട്) പതിവ് പ്രകടനത്തിനൊത്ത് ഉയര്‍ന്നില്ല. ഈ കുറവുകളെല്ലാം മറുഭാഗത്ത് തിലക് വര്‍മ ഒറ്റയ്ക്ക് നികത്തിക്കൊണ്ടിരുന്നു. അവസാന ഓവറുകളില്‍ രമണ്‍ദീപ് സിങ്(ആറ് പന്തില്‍ 15) മികച്ച കൂട്ടാളിയായി. അവസാന പന്തില്‍ താരം റണ്ണൗട്ടാകുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മഹാരാജും ആന്‍ഡില്‍ സിമിലെയ്നും രണ്ട് വീതം വിക്കറ്റുകള്‍ നേടി.
ഭാരതത്തിന്റെ കൂറ്റന്‍ സ്കോര്‍ പിടിച്ചെടുക്കുമെന്ന പ്രതീതിയിലാണ് ദക്ഷിണാഫ്രിക്ക പൊരുതിയത്. ഇടയ്ക്കിടെ വിക്കറ്റ് നേടാനായത് ഭാരതത്തിന് ഗുണം ചെയ്തു. ഇന്നിങ്സിന്റെ ആദ്യ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആരും അടിത്തറ പടുക്കാനാകാതെ വന്നത് അവര്‍ക്ക് വിനയായി. ഹെന്റിച്ച് ക്ലാസ്സെനും(22 പന്തില്‍ 41) മാര്‍കോ ജാന്‍സെനും(17 പന്തില്‍ 54) പൊരുതിക്കയറിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു. ജെറാള്‍ഡ് കൊയെറ്റ്സീയും(രണ്ട്) ആന്‍ഡില്‍ സിമിലെയ്നും(അഞ്ച്) പുറത്താകാതെ നിന്നു. ഭാരതത്തിനായി അര്‍ഷദീപ് സിങ് മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: