പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ചേമ്പറില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. തയ്യാറെടുപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. അവശേഷിക്കുന്നവ അടിയന്തരമായി നടപ്പിലാക്കാനാണ് നിര്‍ദേശം.റോഡ് പണി പൂര്‍ണമാക്കുമെന്ന് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.3,500 ലധികമാണ് സന്നിധാനത്തും മറ്റിടങ്ങളിലുമായുള്ള പൊലിസ് സാന്നിധ്യമെന്ന് പൊലിസ് മേധാവി വ്യക്തമാക്കി.
ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്‌ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് പോലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സുഗമമായ ദര്‍ശനം നടത്തുന്നതിന് ആവശ്യമായ സഹായം നല്‍കലാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടനകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈല്‍ ഫോണ്‍ മോഷണം, ലഹരി പദാര്‍ഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ തടയുന്നതിനും
പ്രത്യേകശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിര്‍ത്തിയിടാന്‍ അനുവദിക്കരുത്. ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ ഡി ജി പി എസ്. ശ്രീജിത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള താമസ, ഭക്ഷണസൗകര്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ടു സന്ദര്‍ശിച്ചു വിലയിരുത്തി.
പമ്പയിലും നിലയ്‌ക്കലിലും ഉള്‍പ്പടെ താത്ക്കാലിക പൊലിസ് സ്റ്റേഷന്‍ ഒരുക്കി. സി സി ടി.വി. നിരീക്ഷണം, പാര്‍ക്കിംഗ് ക്രമീകരണം സുസജ്ജം. അണക്കെട്ടുകളിലും സുരക്ഷ മുന്‍നിറുത്തി പൊലിസ് സാന്നിധ്യമുണ്ടാകും. വൈദ്യുതി ഇന്‍സുലേറ്റഡ് കേബിള്‍ വഴി സുരക്ഷിതമായാണ് നല്‍കുന്നത്. കെ.എസ്.ഇ.ബി 5,000 ലധികം ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. തടസരഹിത വൈദ്യുതിവിതരണം ഉറപ്പാക്കും. താത്ക്കാലിക കണക്ഷനുകള്‍ ആവശ്യാനുസരണം നല്‍കും. കുടിവെള്ളം ആവശ്യാനുസരണം ലഭ്യമാക്കും. ടാങ്കറുകളെ അമിതമായി ആശ്രയിക്കരുത് എന്നാണ് നിര്‍ദേശമുള്ളത്. അഗ്നിസുരക്ഷസേവനം നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളില്‍ ഉറപ്പാക്കി.
ആധുനികസംവിധാനങ്ങള്‍ക്കൊപ്പം സേനാംഗങ്ങളുടെ വിന്യാസവും ശാസ്ത്രീയമായി നിര്‍വഹിക്കും. ഏതു സാഹചര്യവും നേരിടാനാകുംവിധമാകും സേനയുടെ പ്രവര്‍ത്തനം.ആരോഗ്യസംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തരചികിത്സ ഉള്‍പ്പടെ നടത്തുന്നതിന് ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു.
ആംബുലന്‍സ് സൗകര്യം മേഖലയിലുടനീളമാണ് ഏര്‍പ്പെടുത്തിയത്. സ്്ട്രെച്ചറുകളുമുണ്ടാകും. അവശ്യമരുന്നുകളും എത്തിച്ചു. വിവിധ മേഖലകളില്‍ മെഡിക്കല്‍ സംഘങ്ങളും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചും സംവിധാനം ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: