കൊല്ലം: സംസ്ഥാനത്തെ വിവിധ നഗരസഭ-പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ സ്ഥിരം ജോലി നോക്കുന്ന കണ്ടിജന്റ് ജീവനക്കാരെ പൊതു സര്‍വീസില്‍ ഉള്‍പ്പെടുത്തിയുള്ള സ്പെഷ്യല്‍ റൂള്‍സ് വൈകുന്നു.
ഇതുമൂലം കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം-പ്രമോഷന്-ട്രാന്‍സ്ഫര്‍ ഒന്നും ലഭിക്കുന്നില്ല. കണ്ടിജന്റ് ജീവനക്കാരില്‍ യോഗ്യത ഉള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്കി തസ്തിക മാറ്റം സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ മറ്റു വകുപ്പുകളിലെ കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം പ്രമോഷനും ലഭിക്കുന്നുണ്ട്.
സ്പെഷല്‍ റൂള്‍സ് തയ്യാറാക്കാന്‍ വേണ്ടി 2022ലും 2023ലും ജീവനക്കാര്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ വൈകുകയാണ്. കണ്ടിജന്റ് ജീവനക്കാരുടെ പേരുമാറ്റി ഹെല്‍ത്ത് വര്‍ക്കര്‍ എന്നാക്കിയിട്ടുമില്ല. കണ്ടിജന്റ് ജീവനക്കാരില്‍ എസ്എസ്എല്‍സി മുതല്‍ ഡിഗ്രി, പിജി യോഗ്യത ഉള്ളവരുണ്ട്.
സംസ്ഥാനത്തെ 93 നഗരസഭകളിലായി 5800 സ്ഥിരം ജീവനക്കാരും 3400 താത്ക്കാലിക ജീവനക്കാരും ഉണ്ട്. 2024 ജനുവരി മാസം നടന്ന നിയമസഭ സമ്മേളനത്തില്‍ കണ്ടിജന്റ് ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ് തയാറാക്കുന്ന നടപടികള്‍ പുരോഗതിയിലാണെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പ്രപ്പോസല്‍ ലഭിക്കുന്ന മുറയ്ക്ക് ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രിസഭയിലും അറിയിച്ചിരുന്നു. നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ നിന്ന് സ്പെഷല്‍ റൂള്‍സ് തയാറാക്കി സര്‍ക്കാരിലേക്ക് ഇനിയും കൈമാറിയിട്ടില്ല. വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാട്ടുന്ന കാലതാമസമാണ് ജീവനക്കാരുടെ സ്ഥാനക്കയറ്റം പോലും നിഷേധിക്കപ്പെടുന്നത്.
2024 ജനുവരി മാസം നിയമസഭയില്‍ സ്പെഷ്യല്‍ റൂള്‍സ് തയാറാക്കുന്നതിനായി മന്ത്രി അറിയിച്ചു. പത്തുമാസമായി സ്പെഷല്‍ റൂള്‍ തയാറാക്കുന്നത് ഇഴയുകയാണ്. ജീവനക്കാരുടെ ശമ്പളം സ്പാര്‍ക്കിലേക്ക് മാറ്റിയിട്ടില്ല. ജീവനക്കാര്‍ക്ക് സര്‍വീസ് ബുക്ക്, ഇ-സര്‍വീസ് ബുക്ക് രീതിയിലാക്കിയിട്ടില്ല.
നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ ഫയലുകള്‍ ഇ-ഫയലിങ് രീതിയിലാണ്. എന്നിട്ടും കണ്ടിജന്റ് ജീവനക്കാരുടെ ഫയലുകള്‍ക്ക് ഒച്ചിഴയും വേഗതയാണ്. നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ ഫയലുകള്‍ കാലതാമസം ഉണ്ടാക്കുന്നത് ജീവനക്കാരുടെ സ്ഥാനക്കയറ്റം നഷ്ടമാക്കുന്നു.
ഇതുസംബന്ധിച്ച് പി.പി. ചിത്തരഞ്ജന് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് കണ്ടിജന്റ് വിഭാഗം ജീവനക്കാര്‍ക്കു മാത്രമായി സ്പെഷല്‍ റൂള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. ഇതു ലഭിക്കുന്ന മുറയ്ക്ക് ഈവിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതെല്ലാം വാഗ്ദാനങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: