India

ബാൽക്കണിയിൽ കഞ്ചാവ് തോട്ടം : ചെടികൾക്ക് ചൂടും , വെളിച്ചവും നൽകാൻ പ്രത്യേക സജ്ജീകരണങ്ങൾ ; ഫ്ലാറ്റ് ഉടമ അറസ്റ്റിൽ

Published by

നോയിഡ : ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കഞ്ചാവ് തോട്ടം . ലഹരി വില്‍പ്പനക്കാരന്റെ വീട് റെയിഡ് ചെയ്ത പോലീസ് സംഘമാണ് കഞ്ചാവ് തോട്ടം കണ്ട് ഞെട്ടിയത് . 80 കഞ്ചാവ് തൈകളുടെ തോട്ടമാണ് ഗ്രെയിറ്റര്‍ നോയിഡയിലെ പാര്‍ശ്വനാഥ് പനോരമ സൊസൈറ്റിയിലെ പത്താം നിലയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. പൂത്തുനില്‍ക്കുന്ന കഞ്ചാവ് ചെടികളായിരുന്നു അധികവുമെന്ന് എസ്പി മിയാ ഖാന്‍ പറഞ്ഞു.

‘ ഏതാനും കഞ്ചാവ് ചെടികള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, വലിയ ഒരു തോട്ടമാണ് കണ്ടത്. ചെടികള്‍ക്ക് വെളിച്ചം നല്‍കാനും ഉചിതമായ ചൂട് നല്‍കാനുമുള്ള യന്ത്രങ്ങളും ഉണ്ടായിരുന്നു. വിവിധയിനം കഞ്ചാവ് തൈകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു.’ ഇന്‍സ്‌പെക്ടര്‍ അനുജ് കുമാര്‍ പറഞ്ഞു.

ഫ്ളാറ്റ് ഉടമയായ മീററ്റ് സ്വദേശി രാഹുല്‍ ചൗധുരിക്ക് കഞ്ചാവ് കച്ചവടമുണ്ടെന്ന് സംശയമുണ്ടായിരുന്നതായി എസ്പി മിയാഖാന്‍ പറഞ്ഞു. ഇതോടെ ഇയാളെ നിരീക്ഷണത്തിലാക്കി. ഇന്നലെ രാവിലെ പത്തരയോടെ ഇയാള്‍ ഫ്ളാറ്റില്‍നിന്ന് പുറത്തേക്ക് വരുന്നതു കണ്ടു. സ്ഥലത്തെത്തിയ മറ്റൊരാള്‍ക്ക് ഒരു പൊതി നല്‍കുന്നത് കണ്ടതോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒരു കഞ്ചാവ് ചെടിയായിരുന്നു പൊതിയില്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് ഇയാളുടെ ഫ്ളാറ്റ് റെയ്ഡ്‌ ചെയ്യാന്‍ തീരുമാനിച്ചത്.

ഇനങ്ങള്‍ അനുസരിച്ച് പ്രത്യേകം വളര്‍ത്തിയ ചെടികള്‍ക്ക് നമ്പറുകളും നല്‍കിയിരുന്നു. ഈ ചെടികള്‍ക്ക് ഏകദേശം 60 ലക്ഷം രൂപ വിലവരും. കൃഷി ചെയ്യാന്‍ സൂക്ഷിച്ച രാസവസ്തുക്കളും വളങ്ങളും യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by