പട്‌ന: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 മെഡിക്കല്‍ സീറ്റുകള്‍ കൂടി അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ ഒരു പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ജനങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്കുന്നത്. രാജ്യത്തെ എയിംസ് ആശുപത്രികളുടെ എണ്ണം 24 ആയി വര്‍ധിച്ചു. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഒരു ലക്ഷം മെഡിക്കല്‍ സീറ്റുകളാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 പുതിയ മെഡിക്കല്‍ സീറ്റുകള്‍ കൂടി അനുവദിക്കും. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും മെഡിക്കല്‍ വിദ്യാഭ്യാസം നല്കാന്‍ പദ്ധതിയുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
മിര്‍സാപൂരില്‍ ആരംഭിക്കുന്ന കാന്‍സര്‍ ആശുപത്രി രോഗികള്‍ക്കേറെ ഗുണം ചെയ്യും. സംസ്ഥാനത്ത് തന്നെ അവര്‍ക്ക് മികച്ച ചികിത്സ ലഭിക്കും. അതിനായ് സംസ്ഥാനം വിട്ട് പോകേണ്ടി വരില്ല. ബിഹാറില്‍ വലിയൊരു കണ്ണാശുപത്രിയും വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1260 കോടി രൂപയാണ് ദര്‍ഭംഗയില്‍ എയംസിനായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി, ആയുഷ് ബ്ലോക്ക്, മെഡിക്കല്‍ കോളജ്, നഴ്സിങ് കോളജ്, നൈറ്റ് ഷെല്‍ട്ടര്‍, പാര്‍പ്പിടങ്ങള്‍ എന്നിവ അടക്കം ബൃഹത് പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ചടങ്ങില്‍ 12,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: