ഉജ്ജയിന്‍ (മധ്യപ്രദേശ്): ഭാരതീയ സാംസ്‌കാരിക ജീവിതത്തിന് ഊടുംപാവും പകര്‍ന്നത് കുടുംബമൂല്യങ്ങളാണെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ലോകമാകെ നേരിടുന്ന അരാജകത്വത്തിനും അനിയന്ത്രിതമായ ഉപഭോഗഭീഷണിക്കും പരിഹാരം ഭാരതം മുന്നോട്ടുവയ്‌ക്കുന്ന കുടുംബമെന്ന ആദര്‍ശമാണ്. ഇത് ഭാരതത്തിന്റെ സ്വഭാവമാണ്; നമ്മള്‍ കുടുംബത്തെ ശ്രദ്ധിക്കുന്നില്ലെങ്കില്‍, ജീവിതം അര്‍ത്ഥപൂര്‍ണമാകില്ല.
കുടുംബമൂല്യങ്ങളിലുറച്ച് ജീവിക്കുകയും അവയെ ശക്തമാക്കി അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയാണ്, ഉപരാഷ്‌ട്രപതി പറഞ്ഞു. ഉജ്ജയിന്‍ കാളിദാസ് സംസ്‌കൃത അക്കാദമിയില്‍ അറുപത്താറാമത് അഖില ഭാരതീയ കാളിദാസ് സമാരോഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാകവി കാളിദാസിന്റെ കാലാതീതമായ കൃതികള്‍ മാനുഷിക വികാരങ്ങളെ മനോഹരമായി ഉള്‍ക്കൊള്ളുന്നതാണ്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അഗാധവും ശാശ്വതവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന കാളിദാസകാവ്യങ്ങള്‍ പരിസ്ഥിതി പരിപാലനത്തിന്റെ സന്ദേശം നല്കുന്നു. നമ്മുടെ ഭാവിക്കായി ആശ്രയിക്കാന്‍ മറ്റൊരു ഭൂമിയും ഇല്ലാത്തതിനാല്‍, പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണത്തിന് ഗൗരവമായ ശ്രമങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.
നമ്മുടെ അയല്‍പക്കത്ത് ആരൊക്കെയുണ്ട്, ചുറ്റുപാടും ആരൊക്കെയുണ്ട്, അവരുടെ സന്തോഷവും സങ്കടവും എന്താണ്, നമുക്ക് പരസ്പരം എങ്ങനെ താങ്ങും തണലുമാകാം തുടങ്ങിയ ചിന്തകളിലൂടെയാണ് കുടുംബവും സമൂഹ ജീവിതവും സുദൃഢമായി നിലനില്‍ക്കുന്നത്. എന്നാലിന്ന് എല്ലാവരും ഭൗതികതയിലേക്ക് മാത്രം തിരിയുകയും പ്രിയപ്പെട്ടവരെ അവഗണിക്കുംവിധം തിരക്കിലാവുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ബോധപൂര്‍വം കുടുംബത്തെ പരിപാലിക്കുക എന്നത് അനിവാര്യമാണ്. അതിലൂടെ മാത്രമേ രാഷ്‌ട്രം അഭിവൃദ്ധി പ്രാപിക്കൂ, ധന്‍ഖര്‍ പറഞ്ഞു.
അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്കികൊണ്ട് മാത്രം ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാകില്ല. ഭരണഘടന നമുക്ക് അവകാശങ്ങള്‍ നല്കുന്നുണ്ട്. എന്നാല്‍ ആ അവകാശങ്ങള്‍ നമ്മുടെ കടമകളെക്കൂടി ആശ്രയിക്കുന്നതാകണം. പൗരന്മാര്‍ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. മഹത്തായ ഭാരതത്തിലെ പൗരന്മാരാണെന്നും ഭാരതീയത നമ്മുടെ തനിമയാണെന്നുമുള്ള ഉറച്ച ബോധ്യത്തോടെ രാഷ്‌ട്രത്തെ എല്ലാറ്റിലുമുപരിയായി പ്രതിഷ്ഠിക്കണം. കടമകള്‍ നിറവേറ്റുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം, ഉപരാഷ്‌ട്രപതി പറഞ്ഞു.
ഭാരതം എല്ലായ്‌പ്പോഴും സാമൂഹിക സൗഹാര്‍ദത്തിനും ലോകസമാധാനത്തിനും എല്ലാവരുടെയും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നു. വസുധൈവ കുടുംബകം എന്ന ആദര്‍ശം സ്വീകരിച്ച് ലോകത്തിന് മാതൃകയായ ഒരു രാജ്യത്തെ പൗരന്മാരാണ് നമ്മളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി മോഹന്‍ യാദവ്, അയോദ്ധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദദേവ് ഗിരി മഹാരാജ് തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക