Kerala

ആത്മകഥ വിവാദം; ഡി സി ബുക്‌സിന് ഇ പി ജയരാജന്റെ വക്കീല്‍ നോട്ടീസ്, ഡിജിപിക്കും പരാതി നല്‍കി

Published by

തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ ഡി സി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് സി പിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് മുന്‍ കണ്‍വീനറുമായ ഇ പി ജയരാജന്‍.ഡി സി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങള്‍ പിന്‍വലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നുമാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം.

ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നാണ് ഇപിയുടെ ആരോപണം.പുറത്ത് വന്നത് താന്‍ എഴുതിയതല്ലന്ന് ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജന്‍ ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി തെറ്റായ പ്രചരണം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഇപി ജയരാജന്റെ പരാതിയില്‍ പറയുന്നത്.തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നു എന്നാണ് പരാതിയില്‍ ഉളളത്.

ഏതായാലും ഉപതെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കി.എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും വിമര്‍ശനമുണ്ട്.പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പറയുന്നു.എന്നാല്‍ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്‌സ് മാധ്യമങ്ങളില്‍ വന്ന ഉള്ളടക്കം നിഷേധിച്ചിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക