Sports

അച്ഛനോളം വരില്ലയെങ്കിലും തന്നാലാവുന്നത് ചെയ്ത് ക്രിക്കറ്റിലെ അഭിനിവേശം വിടാതെ പിന്തുടര്‍ന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; രഞ്ജിയില്‍ ബൗളറായി തിളങ്ങി

അച്ഛനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തരംഗമായിരുന്നു. ബാറ്റിംഗില്‍ തകര്‍ക്കാന്‍ പറ്റാത്ത ഒരു പാട് റെക്കോഡുകളുടെ തമ്പുരാന്‍. അച്ഛന്‍റെ കളി കണ്ട് വളര്‍ന്ന മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് മറ്റ് മോഹങ്ങളില്ലായിരുന്നു.

Published by

മുംബൈ: അച്ഛനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തരംഗമായിരുന്നു. ബാറ്റിംഗില്‍ തകര്‍ക്കാന്‍ പറ്റാത്ത ഒരു പാട് റെക്കോഡുകളുടെ തമ്പുരാന്‍. അച്ഛന്റെ കളി കണ്ട് വളര്‍ന്ന മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് മറ്റ് മോഹങ്ങളില്ലായിരുന്നു.

അച്ഛനെപ്പോലെ ക്രിക്കറ്ററാകണം എന്നായിരുന്നു ആഗ്രഹം. ചെറുപ്പം മുതല്‍ ക്രിക്കറ്റ് മൈതാനങ്ങളിലും പ്രാക്ടീസിങ്ങ് ഗ്രൗണ്ടുകളിലും മണിക്കൂറുകള്‍ ചെലവഴിച്ചു. അച്ഛനെപ്പോലെ നല്ലൊരു ബാറ്റ്സ്മാന്‍ ആകണം എന്ന് ആഗ്രഹിച്ചു. നടന്നില്ല. ഇപ്പോള്‍ പേസ് ബൗളിങ്ങിലാണ് താല്‍പര്യം. ഇടം കൈയന്‍ പേസ് ബൗളറാണ്.

തുടക്കത്തില്‍ സച്ചിന്റെ മകന്‍ എന്ന പരിഗണന ഉണ്ടായിരുന്നു. സച്ചിന്‍ നേരിട്ട് ഇടപെട്ടില്ലെങ്കിലും സെലക്ടര്‍മാര്‍ പ്രാധാന്യം നല്‍കിയിരുന്നു. 2018ല്‍ 19 വയസ്സിന് താഴെയുള്ളവരുടെ ഇന്ത്യന്‍ ടീമില്‍ ശ്രീലങ്കയ്‌ക്കെതിരെ കളിച്ച് കൊണ്ട് തുടക്കം. 2021ല്‍ മുംബൈയ്‌ക്ക് വേണ്ടി ടി20യില്‍ കളിച്ചു. ഐപിഎല്ലില്‍ മുംബൈ ടീമില്‍ ഉണ്ടായിരുന്നു. പക്ഷെ ശോഭിച്ചില്ല. മുംബൈ സീനിയര്‍ ടീമില്‍ ഇടം പിടിച്ചു. ആദ്യമൊക്കെ സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാന്‍ ആയിരുന്നെങ്കിലും പിന്നീട് ഫോം മങ്ങി. ഇതിനിടെ പരിക്കുകള്‍ മൂലം കളിക്കളത്തില്‍ നിന്നും മാറിയിരിക്കേണ്ടി വന്നു.

സച്ചിന്റെ മകനായതുകൊണ്ട് അര്‍ജുന്റെ പിഴവിനായി കാത്തിരിക്കുകയാണ് മാധ്യമങ്ങള്‍. ഒരിയ്‌ക്കല്‍ ഐപിഎല്ലില്‍ ഒരു ഓവറില്‍ പഞ്ചാബ് കിംഗ്സിന് 31 റണ്‍സ് വഴങ്ങിയതോടെ മാസങ്ങള്‍ നീണ്ട വിമര്‍ശനമാണ് അര്‍ജുന്‍ നേരിടേണ്ടിവന്നത്. സച്ചിന്റെ സ്വാധീനത്താലാണ് മുംബൈ ഐപിഎല്ലില്‍ ഇടം നേടിയത് എന്ന് വരെ ആരോപണമുണ്ടായി.

മുംബൈ ടീമില്‍ പേസ് ബൗളര്‍ എന്ന നിലയില്‍ സ്ഥാനം കിട്ടാന്‍ വിഷമമായതിനാല്‍ ഗോവ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഗോവയിലാണെങ്കില്‍ പേസ് ബൗളറായി പന്തെറിയാന്‍ അവസരം ലഭിക്കും എന്നതാണ് കാരണം. എന്തായാലും അര്‍ജുന്‍ ബൗളറെന്ന നിലയില്‍ അരുണാചല്‍ പ്രദേശിനെതിരെ തിളങ്ങി. അഞ്ച് വിക്കറ്റാണ് എടുത്തത്.

കഴിഞ്ഞ തവണ മുംബൈ ഐപിഎല്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ഐപിഎല്ലില്‍ അര്‍ജുനെ ലേലത്തിലെടുക്കാന്‍ മുംബൈ തയ്യാറായില്ല. എല്ലാ വേദനകളും കടിച്ചമര്‍ത്തി സച്ചിന്റെ മകന്‍ ക്രിക്കറ്റില്‍ നിന്നു കൊണ്ട് തന്നെ പൊരുതുകയാണ്. അച്ഛന്‍ വല്ലാതെ ശോഭിച്ച ഒരു മേഖലയിലേക്ക് മകന്‍ കടന്നുവന്നാല്‍ അത് അനുഗ്രഹവും ശാപവുമാണ്. തുടക്കത്തില്‍ ചാന്‍സുകള്‍ കിട്ടാന്‍ സാധ്യതകളുണ്ട്. അതാണ് അര്‍ജുനും ലഭിച്ചത്. പക്ഷെ പിന്നീട് വീഴ്ചകള്‍ വരുത്തുമ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ നൂറു നാവുകള്‍ ഉയരും. അതിലൂടെയാണ് പലപ്പോഴും വേദനയോടെ അര്‍ജുന്‍ കടന്നുപോയത്.

അച്ഛന്‍ 16ാംവയസ്സില്‍ ലോകമാകെ അറിയപ്പെടുന്ന ബാറ്റ്സ്മാനായി. മകന്‍ അര്‍ജുന് ഇപ്പോള്‍ 25 വയസ്സായി. ഇന്ത്യന്‍ ടീമില്‍ ഷൈന്‍ ചെയ്യേണ്ട പ്രായം കടന്നിരിക്കുന്നു. ഇത്രകാലം കളിച്ചിട്ടും ഗോവ ടീമില്‍ ഇടം നേടാനെ കഴിഞ്ഞുള്ളൂ. ഐപിഎല്ലില്‍ മുംബൈയ്‌ക്ക് പോലും ലേലത്തിനെടുക്കാന്‍ കഴിയാത്ത കളിക്കാരനുമായി. എന്താണ് അര്‍ജുന്റെ ഭാവി?

പേസ് ബൗളറായി ഭാവിയില്‍ ഏതുയരം വരെ പോകാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് കഴിയും? എന്തായാലും വിട്ടുകൊടുക്കാന്‍ അര്‍ജുന്‍ തയ്യാറല്ല. ക്രിക്കറ്റിന് തന്നെ ജീവിതം ഉഴിഞ്ഞുവെയ്‌ക്കാന്‍ തന്നെയാണ് അവന്റെ തീരുമാനം. സച്ചിനും മകന്റെ ആഗ്രഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. നിശ്ശബ്ദം. സച്ചിന്‍ ആരാധകരും അര്‍ജുന് വേണ്ടിയുള്ള പ്രാര്‍ഥനയിലാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക