ശ്രീനഗർ : ജമ്മു കശ്മീരിൽ 119 ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. പാകിസ്ഥാനികളെ അപേക്ഷിച്ച് തദ്ദേശീയരായ തീവ്രവാദികളുടെ എണ്ണം വളരെ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാകിസ്ഥാനിൽ നിന്നുള്ള 61 ഭീകരരും 18 സ്വദേശികളും ഉൾപ്പെടെ 79 ഭീകരർ പിർ പഞ്ചാൽ റേഞ്ചിനു വടക്ക് സജീവമാണെന്നും തെക്ക് പിർ പഞ്ചാലിൽ 34 പാക് ഭീകരരും ആറ് സ്വദേശികളുമടക്കം 40 സജീവമായി പ്രവർത്തിക്കുന്ന ഭീകരർ ഉണ്ടെന്നും ഇൻ്റലിജൻസ് വെളിപ്പെടുത്തി. വിദേശ ഭീകരരിൽ ഭൂരിഭാഗവും പാകിസ്ഥാനികളാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാദേശിക തീവ്രവാദികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഇപ്പോൾ അത് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദികളുടെ പ്രാദേശിക റിക്രൂട്ട്‌മെൻ്റിൽ കുത്തനെയുള്ള കുറവ് കാരണം അന്താരാഷ്‌ട്ര അതിർത്തിയും (ഐബി), നിയന്ത്രണ രേഖയും (എൽഒസി) ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിലൂടെ ഭീകരരെ ജമ്മു കശ്മീരിലേക്ക് തള്ളിവിടാൻ പാകിസ്ഥാൻ നിർബന്ധിതരാകുന്നു.
ഈ വർഷം ജമ്മു കശ്മീരിൽ ഇതുവരെ 25 ഓളം ഭീകരാക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് 24 സൈനികരുടെ രക്തസാക്ഷിത്വത്തിന് കാരണമായി. 2023ൽ ആകെ 25 സംഭവങ്ങളിലായി 27 ജവാൻമാർ ജീവൻ ബലിയർപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം 2024ൽ ഉൾപ്രദേശങ്ങളിൽ 45ഉം നിയന്ത്രണരേഖയിൽ 16ഉം ഉൾപ്പെടെ 61 ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ 21 പേർ പാകിസ്ഥാനികളാണ്. 2023ൽ 60 ഭീകരർ കൊല്ലപ്പെട്ടു. 35 പേര ഉൾപ്രദേശങ്ങളിലാണ് കൊലപ്പെടുത്തിയത്. ഇവരിൽ 12 പേർ പാകിസ്ഥാനികളായിരുന്നു. ജമ്മു മേഖലയിലെ മിക്കവാറും എല്ലാ ജില്ലകളിലും സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ഭീകരാക്രമണ സംഭവങ്ങൾ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിരവധി ഭീകരരെ ഈ വർഷം വധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: