തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥയായ കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവച്ചതായി ഡി സി ബുക്‌സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് പ്രസിദ്ധീകരണം നീട്ടി വച്ചിരിക്കുന്നു എന്നാണ് ഡി സി ബുക്‌സ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.
ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ് എന്നും കുറിപ്പിൽ പറയുന്നു.പുസ്തകം ഇന്ന് മുതൽ വിറ്റഴിക്കണമെന്ന് സ്റ്റോറുകൾക്ക് നൽകിയിരുന്ന നിർദേശം ഡിസി ബുക്ക്സ് പിൻവലിച്ചു. അതേസമയം പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇ പി ജയരാജൻ ഡി സി ബുക്‌സുമായി കരാർ ഒപ്പിട്ടിരുന്നുവെന്നാണ് പ്രസാധകർ പറയുന്നത്. പുസ്‌തകത്തിന്റെ പ്രസാധന അവകാശം ഡിസിക്ക് തന്നെയാണെന്ന് പ്രസാധക കമ്പനി അധികൃതർ പറഞ്ഞു.
എന്നാൽ പരസ്യ പ്രതികരണത്തിന് ഡി സി ബുക്‌സ് തയ്യാറായിട്ടില്ല. അതേസമയം, തന്റെ ആത്മകഥ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. ആത്മകഥ എഴുതി തീർന്നിട്ടില്ലെന്നും താനതിന്റെ അനുമതി ആർക്കും കൊടുത്തിട്ടില്ലെന്നും ഇപി ജയരാജൻ പറയുന്നു. തന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകളെ പൂർണമായും തള്ളിയ ഇപി ജയരാജൻ, താനിക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക