കോണ്‍ഗ്രസ് ഇസ്ലാമിക പാര്‍ട്ടിയാണെന്ന് ഒരു യോഗത്തിനിടെ രാഹുല്‍ അഭിപ്രായപ്പെട്ടതായുള്ള വാര്‍ത്ത കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ തലവന്‍ നദീം ജാവേദിനെ ഉദ്ധരിച്ച് ഉര്‍ദു ദിനപത്രമായ ഇന്‍ക്വിലാബ് 2018-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്‍ക്വിലാബിന്റെ എഡിറ്റര്‍ മുംതാസ് റിസ് പിന്നീട് ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ജാവേദിന് പതിവുപോലെ തിരുത്തേണ്ടിവന്നെങ്കിലും വര്‍ഷങ്ങളായി കോണ്‍ഗ്രസ് പിന്തുടരുന്ന നയങ്ങള്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് വേണ്ടിയാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. കാരണം മതമൗലികവാദികള്‍ക്കായി ഹിന്ദു-ബുദ്ധ-ജൈന ധര്‍മം പിന്തുടരുന്നവരെ തമ്മിലടിപ്പിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് എന്നും ശ്രമിച്ചിട്ടുള്ളത്. അവര്‍ക്ക് വേണ്ടിത്തന്നെയാണോ കേരളത്തിലെ ക്രൈസ്തവരെയും പാര്‍ട്ടിയിപ്പോള്‍ ഉന്നം വയ്‌ക്കുന്നതെന്ന് സംശയിക്കണം.
ഭാരതത്തില്‍ നെഹ്റു കുടുംബം അധികാരസ്ഥാനങ്ങളില്‍ വന്നതുമുതല്‍, ഇപ്പോഴത്തെ അവകാശി രാഹുല്‍ വരെ പിന്തുടരുന്ന നയങ്ങള്‍ മുന്‍പ് സൂചിപ്പിച്ച സംശയം ബലപ്പെടുത്തുന്നതാണ്. കമ്യൂണിസ്റ്റുകളുമായി ചേര്‍ന്ന് ആര്‍എസ്എസിനെയും പരിവാര്‍ പ്രസ്ഥാനങ്ങളെയും പൊതുജനമധ്യത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടു ഭാരതത്തെ തീവ്ര ഇസ്ലാമികവാദികള്‍ക്ക് അടിയറ വയ്‌ക്കാനുള്ള നയങ്ങളാണ് അണിയറയില്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തിക്കൊണ്ടിരുന്നത്. അതിന്റെ ഫലമാണ് വഖഫിലൂടെ ഭാരതം ഇപ്പോള്‍ നേരിടുന്ന ഭീക്ഷണി.
അമ്മ സോണിയ കോണ്‍ഗ്രസിന്റെ പ്രസിഡന്റും രാഹുല്‍ വൈസ് പ്രസിഡന്റുമായ 2013 ലാണ് ഭാരതത്തിന് ഭീക്ഷണിയായ വഖഫ് ആക്ടില്‍ കിരാത ഭേദഗതികള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തത്. വഖഫ് ആക്ടിലെ ഈ ഭേദഗതികള്‍ ഭാരതത്തിലെ മറ്റ് സമുദായങ്ങളെ സാമ്പത്തികമായും സാമൂഹികമായും അസ്ഥിരപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ളതാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇപ്പോള്‍ രാഹുല്‍, ജാതി സെന്‍സസിനായി നടത്തുന്ന മുറവിളി ശ്രദ്ധിച്ചാല്‍ കോണ്‍ഗ്രസിന്റെ സമാന ഉദ്ദേശ ലക്ഷ്യങ്ങള്‍ മനസിലാകും. ഹിന്ദുക്കളിലെ ജാതികളെക്കുറിച്ച് സംസാരിക്കുവാന്‍ മാത്രമാണ് രാഹുല്‍ താത്പര്യം കാണിക്കുന്നത്. വിവിധ ജാതി വിഭാഗങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ മുസ്ലിം, ക്രൈസ്തവ, സിഖ് തുടങ്ങിയ മറ്റ് മത വിഭാഗങ്ങളിലെ ജാതികളുടെ ഉന്നമനത്തെക്കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടാത്തതെന്തുകൊണ്ടാണ്?
1985-92 കാലഘട്ടത്തില്‍ ‘പീപ്പിള്‍ ഓഫ് ഇന്ത്യ പ്രൊജക്ട്’ എന്ന പേരില്‍ അന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ 584 മുസ്ലിം സമുദായങ്ങളും 339 ക്രൈസ്തവ സമുദായങ്ങളും ഭാരതത്തിലുണ്ടെന്നാണ് കണ്ടെത്തിയത്. മുസ്ലിങ്ങളില്‍ 53 സമുദായങ്ങള്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍പ്പെടുന്നുവെന്ന് മാത്രമല്ല 12 സമുദായങ്ങള്‍ തങ്ങള്‍ ബ്രാഹ്മണരാണെന്ന് സ്വയം വിശ്വസിക്കുന്നു. 76 ക്രിസ്ത്യന്‍ സമുദായങ്ങളും വര്‍ണവ്യവസ്ഥ പിന്തുടരുന്നവരാണ്.
ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അംഗമായ ഹര്‍ചരണ്‍ സിങ്് ജോഷിന്റെ നേതൃത്വത്തില്‍ 2009-ല്‍ നടത്തിയ ഒരു പഠനത്തില്‍ സിഖ് ജനസംഖ്യയില്‍ 46.4 ശതമാനം സവര്‍ണ്ണ വിഭാഗങ്ങളും 21.8 ശതമാനം പിന്നാക്കക്കാരും പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍ യഥാക്രമം 31.1, 0.8 ശതമാനവും ഉള്ളതായി കണ്ടെത്തി. ജാതി അടിസ്ഥാനത്തിലുള്ള ആരാധനാ നയങ്ങളും മറ്റ് വിവേചനങ്ങളും ഈ സമുദായങ്ങളില്‍ നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഹിന്ദു ജാതികളെ മാത്രം ലക്ഷ്യം വയ്‌ക്കുന്നത് വഴി ഭാരതത്തില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് തടസമായി നില്‍ക്കുന്ന ഹിന്ദു സമുദായത്തെ ഭിന്നിപ്പിക്കുകയും അസ്ഥിരപ്പെടുത്തുകയും ഇല്ലായ്മ ചെയ്യുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്‌ക്കുന്നത്.
ഹിന്ദുവിന് ശേഷം ക്രൈസ്തവര്‍, സിഖുകാര്‍ തുടങ്ങിയ മറ്റു മതങ്ങളെയും ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഭിന്നിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആഗോള തലത്തില്‍ ഇസ്ലാമിന്റെ പ്രധാന ശത്രുവായ ക്രൈസ്തവരുടെ ഭാരതത്തിലെ യഥാര്‍ത്ഥ കവചം ഭാരതത്തിന്റെ ഹൈന്ദവീകതയും അതിനെ കാക്കുന്ന ആര്‍എസ്എസും പരിവാര്‍ പ്രസ്ഥാനങ്ങളുമാണ്. ഇസ്ലാമിക അധിനിവേശത്തെ തടയുന്നതില്‍ ക്രൈസ്തവ സഭകള്‍ പല രാജ്യങ്ങളിലും എന്നേ പരാജയപ്പെട്ടു കഴിഞ്ഞു.
ജാതി പറഞ്ഞ് ആദ്യം ഹിന്ദുവിനെയും വര്‍ഗീയത ആരോപിച്ചു ആര്‍എസ്എസിനെയും തകര്‍ത്താല്‍ കോണ്‍ഗ്രസിനും തീവവാദികള്‍ക്കും പിന്നീട് കാര്യങ്ങള്‍ എളുപ്പമായി. ഈ പശ്ചാത്തലത്തിലാണ് ‘ഭരണഘടന, ജുഡീഷ്യറി, സൈന്യം ഇവയ്‌ക്ക് ശേഷം ഭാരതത്തിന്റെ സുരക്ഷയെ കാക്കുന്ന നാലാമത്തെ ഘടകം ആര്‍. എസ്. എസ് ആണെന്ന’ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ അഭിപ്രായം പ്രസക്തമാകുന്നത്. അത് ശരിവയ്‌ക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വഖഫ് അധിനിവേശത്തെ തടയാന്‍ ബിജെപി പാര്‍ലമെന്റിലും പൊതുസമൂഹത്തിലും നടത്തുന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍.
ഹരിയാന തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് രാഹുല്‍ അമേരിക്കയിലേക്ക് യാത്ര നടത്തിയത്. ഹിന്ദു-ക്രൈസ്തവ വിരുദ്ധതയുടെ പേരില്‍ പേരുകേട്ട അമേരിക്കന്‍ പാര്‍ലിമെന്റ് അംഗമായ ഇല്‍ഹാന്‍ ഒമറാണ് അവിടെ രാഹുല്‍ സന്ദര്‍ശിച്ച പ്രധാന വ്യക്തികളിലൊരാള്‍. അമേരിക്കയിലെ വിവിധയിടങ്ങളിലുള്ള ക്രൈസ്തവ ചിഹ്നങ്ങള്‍ക്കെതിരെയും ക്രിസ്തുമത ഗാനങ്ങള്‍ പൊതുസ്ഥലത്ത് പാടുന്നതിനെതിരെയും അഭിപ്രായങ്ങള്‍ പറയുകയും മുസ്ലിങ്ങള്‍ക്കും ഇത്തരം അവകാശങ്ങള്‍ നല്‍കണമെന്ന് അഭിപ്രായപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത മുസ്ലിം വനിതയാണ് ഇല്‍ഹാന്‍ ഒമര്‍. യേശു ക്രിസ്തു ജൂതനാണെന്നും ഒരിക്കല്‍ അവര്‍ അഭിപ്രായപ്പെട്ടു. 2022 ല്‍ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ച് ഭാരത വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. അതേ വര്‍ഷം തന്നെ ഒമറും സഹപ്രവര്‍ത്തകയുമായ റാഷിദ ത്‌ലൈബും മുസ്ലിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്ത ഭാരതത്തെ ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യ’ ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ പാര്‍ലിമെന്റില്‍ പ്രമേയം അവതരിപ്പിച്ചു. ഇത്തരം ഇസ്ലാമിക മത മൗലിക വാദികളാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ മാതൃകകളും ഉപദേശികളും.
രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഉയര്‍ന്ന ശേഷമുള്ള ഒരു ദശാബ്ദത്തെ നയങ്ങളെകൂടി വിലയിരുത്തണം. സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം മുത്തലാഖ് നിരോധിച്ചപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്തു. ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ അയോദ്ധ്യ ക്ഷേത്രത്തിലെ ശ്രീരാമ പ്രാണ പ്രതിഷ്ഠ ചടങ്ങ് ബഹിഷ്‌കരിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പാകിസ്ഥാന്റെ അതേ ഭാഷയില്‍ വിമര്‍ശിച്ചു. പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവ് ചോദിച്ച് സൈന്യത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ഉള്‍പ്പടെയുള്ള ഹിന്ദു-ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗഗതിയെ എതിര്‍ക്കാനും മുന്‍പിലുണ്ടായിരുന്നു.
മദ്രസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ നേര്‍ക്ക് നടക്കുന്ന അവകാശ ലംഘനങ്ങള്‍ തടയാന്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെയും പാര്‍ട്ടി രംഗത്ത് വന്നു. യൂണിഫോം സിവില്‍ കോഡിനെതിരെയുള്ള സമരത്തിലും മുന്‍പന്തിയിലുണ്ട്. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം ആരംഭിച്ചപ്പോള്‍ പോലും ഹമാസ് ഭീകരവാദികള്‍ക്കൊപ്പം നില്‍ക്കാനും അവരെ അനുസ്മരിക്കാനും കോണ്‍ഗ്രസ് ഒട്ടും മടി കാണിച്ചില്ല. ഇപ്പോഴിതാ വഖഫ് ബോര്‍ഡിന്റെ അധിനിവേശത്തെ നിയന്ത്രിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതിയെയും എതിര്‍ക്കുന്നു.
ഇവയില്‍ നിന്നെല്ലാം വ്യക്തമായ കാര്യം, ഇസ്ലാമിക മത മൗലികവാദികളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന എല്ലാത്തിനെയും കോണ്‍ഗ്രസ് നഖശിഖാന്തം എതിര്‍ക്കുന്നുവെന്നതാണ്. ഇസ്രായേല്‍ നടത്തുന്നത് അധിനിവേശമാണെന്ന നിലപാടുള്ള കോണ്‍ഗ്രസ് ഭാരതത്തിലെ ഹിന്ദുക്കളും ക്രൈസ്തവരും മറ്റ് വിഭാഗങ്ങളും നേരിടുന്ന വഖഫ് അധിനിവേശം പോലെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ വിമുഖത കാണിക്കുന്നുവെന്നതാണ് വിചിത്രം.
ഇപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ ആവശ്യം രാജ്യത്ത് മതാടിസ്ഥാനത്തില്‍ സംവരണം കൊടുക്കണമെന്നതാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ആവശ്യപ്പെടുമ്പോഴും അത് ഫലത്തില്‍ മുസ്ലിം സംവരണമായി ഭാവിയില്‍ കോണ്‍ഗ്രസ് മാറ്റുമെന്നതാണ് യാഥാര്‍ഥ്യം. കാരണം കോണ്‍ഗ്രസ്് രാഷ്‌ട്രീയത്തില്‍ മുസ്ലിങ്ങള്‍ മാത്രമാണ് ന്യൂനപക്ഷങ്ങള്‍. ക്രൈസ്തവരെയും, ബുദ്ധ-ജൈന -സിഖ് വിഭാഗങ്ങളെയും പരിഗണിക്കുന്നില്ല. അങ്ങനെ പരിഗണിക്കുവാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ കോണ്‍ഗ്രസിനെ അനുവദിക്കുകയുമില്ല. അതിനുദാഹരണമാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള വിഭവങ്ങള്‍ സിംഹഭാഗവും ഒരു വിഭാഗത്തിന് നല്‍കാന്‍ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് കൂട്ടുനിന്നത്.
രാജ്യത്തും പുറത്തുമുള്ള തീവ്രവാദികളെ പ്രീണിപ്പിച്ചു അവരുടെ സഹായത്തോടെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളെ സ്വാധീനിച്ച് അധികാരം നേടുകയും അഴിമതി നടത്തുകയും ചെയ്യുകയെന്ന ഒറ്റ ലക്ഷ്യമേ രാഹുല്‍ കോണ്‍ഗ്രസിനുള്ളൂ. ആഗോള ഇസ്ലാമിക അധിനിവേശത്തിന് സഹായം നല്‍കുകയും, ഭാരതത്തില്‍ അവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയുമാണ് കോണ്‍ഗ്രസ്.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: