പതിനൊന്നുവര്‍ഷം മുമ്പ് തുടക്കമിട്ട പരിപാടിയാണ് സീപ്ലെയിന്‍. 2013 ജൂണില്‍ ഉമ്മന്‍ചാണ്ടിയാണ് തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖംപോലെ. കമ്പ്യൂട്ടര്‍ വ്യവസായം പോലെ അതിനെയും എതിര്‍ത്തതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പറന്നുയരാന്‍ പ്ലെയിനുമായെങ്കിലും വ്യവസായിക്ക് 14 കോടി നഷ്ടമായതുമാത്രമാണ് നേട്ടം. ഇപ്പോള്‍ കോവളം മുതല്‍ ബേക്കല്‍ വരെ ജലപാതാ വികസനത്തിന്റെ ശ്രദ്ധയിലാണ് സര്‍ക്കാര്‍. ഇതുപൂര്‍ത്തിയാക്കുമ്പോള്‍ ജലപാതായാത്ര സുഗമമാകുമെന്നും ടൂറിസം കത്തിപ്പടരുമെന്നുമാണ് മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രിയും അവകാശപ്പെടുന്നത്. ഇപ്പോള്‍ ജലഗതാഗതം നടത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കുഴപ്പമില്ല? മത്സ്യബന്ധനത്തിന് തടസ്സമില്ല. പിണറായിയാണല്ലൊ ഭരിക്കുന്നത്!
ബോട്ടുയാത്രയും വിനോദസഞ്ചാരികളും വന്നാല്‍ എന്തൊക്കെ നേട്ടമാണെന്നറിയാമോ? 600 കിലോമീറ്റര്‍ ദൂരമുള്ള ജലപാതയും ബോട്ടുകളിലൂടെയുള്ള സഞ്ചാരവും വിനോദ സഞ്ചാരികള്‍ക്കും വിദേശ സഞ്ചാരികള്‍ക്കും നാടന്‍ സഞ്ചാരികള്‍ക്കും ഹരമാകുമെന്നാണ് പറയുന്നത്. നിശ്ചിത ദൂരത്തില്‍ വിനോദ സഞ്ചാരകേന്ദ്രളുണ്ടാകും. അവിടെയിറങ്ങി കലാപരിപാടികള്‍ കാണാം. ഷോപ്പിങ് നടത്താം. ഈവക സൗകര്യങ്ങളൊന്നും 11 വര്‍ഷം മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയില്ലെന്നാണ് ഇടതു സര്‍ക്കാര്‍ പറയുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്ന നിലമാറിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. 2016 മുതല്‍ വന്ന മാറ്റം അതാണ്. യുഡിഎഫിന് അതൊന്നും സഹിക്കുന്നില്ല, ദഹിക്കുന്നില്ല. പുതിയ സാഹചര്യവുമായി യുഡിഎഫിന് പൊരുത്തപ്പെടാനാവുന്നില്ല എന്നും പറയുന്നു.
കൊച്ചി കായലില്‍ നിന്നാണ് പരീക്ഷണ പറക്കല്‍ നടന്നത്. അതും മാട്ടുപെട്ടിയിലേക്ക്.ല്‍ മാട്ടുപ്പെട്ടി അണക്കെട്ടില്‍ ജലവിമാന സര്‍വീസ് ആരംഭിക്കുന്നതു കാട്ടാനകളുടെ സൈ്വരവിഹാരത്തിനു തടസമാകുമെന്നു പരാതിയുണ്ടെങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകള്‍ക്കു ബക്കറ്റില്‍ വെള്ളം കോരി വായിലൊഴിച്ചു കൊടുക്കണമെന്നാണ് എം.എം.മണി എംഎല്‍എ പറയുന്നത്. സീപ്ലെയ്ന്‍ സര്‍വീസ് നടത്തുന്നതു മാട്ടുപ്പെട്ടിയില്‍ കാട്ടാനകള്‍ക്കു ഭീഷണിയാണെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സീപ്ലെയ്ന്‍ പദ്ധതി ജനകീയമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു പറയുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിശദമായ പദ്ധതി തയ്യാറാക്കിവരികയാണ്. നടപ്പായാല്‍ സംസ്ഥാനത്തെ വിദൂരസ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തിലും ചെലവിലും എത്താന്‍ സാധിക്കുമെന്നും മന്ത്രിക്കഭിപ്രായമുണ്ട്. തിങ്കളാഴ്ച പ്ലെയിനില്‍ കയറിയത് രണ്ട് മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. 25 മിനിട്ടാണ് സമയം.
കൊച്ചിയിലെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവന്‍കുട്ടി, മേയര്‍ എം.അനില്‍കുമാര്‍, സംസ്ഥാന വ്യോമയാന സെക്രട്ടറി ബിജു പ്രഭാകര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) പി. വിഷ്ണുരാജ്, ഡി ഹാവിലന്‍ഡ് എയര്‍ക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡിന്റെ ഏഷ്യ പസഫിക് മേഖലാ വൈസ് പ്രസിഡന്റ് യോഗേഷ് ഗാര്‍ഗ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിനുണ്ടായിരുന്നു. ജലവിമാന പദ്ധതി ആറുമാസത്തിനുള്ളില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറയുന്നു. പ്രകൃതിസ്‌നേഹം പറഞ്ഞ് പദ്ധതിക്ക് ആരു തുരങ്കം വയ്‌ക്കാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ എന്തു വിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞിരിക്കുന്നു.
ഗ്രാമീണമേഖലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയുടെ ഭാഗമായാണു ജലവിമാന സര്‍വീസ്. കാനഡയിലെ ഡി ഹാവിലന്‍ഡ് കമ്പനിയുടെ 17 സീറ്റുള്ള വിമാനമാണു സ്‌പൈസ്‌ജെറ്റിന്റെ സഹകരണത്തോടെ പരീക്ഷണപ്പറക്കല്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: