Kerala

ചേലക്കര പോളിങ് ബൂത്തിലേക്ക്

Published by

തൃശൂര്‍: അവസാന നിമിഷം വരെ ചൂടേറിയ രാഷ്‌ട്രീയ ചര്‍ച്ചക്ക് വേദിയായ ചേലക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്.
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

മണ്ഡലത്തില്‍ ആകെ 2,13,103 വോട്ടര്‍മാരാണുള്ളത്. 1,01,903 പുരുഷന്മാരും, 1,11,197 സ്ത്രീകളും, 3 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. ഇതില്‍ 10143 പേര്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം പേര് ചേര്‍ത്ത പുതിയ വോട്ടര്‍മാരാണ്.

മണ്ഡലത്തില്‍ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പോലീസ് സുരക്ഷ എന്നിവ ഉറപ്പാക്കിയിട്ടുണ്ട് ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും.

വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായ ചെറുതുരത്തി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. പോളിങ് സാമഗ്രികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കുന്നതിനുള്ള പ്രത്യേക വാഹനങ്ങള്‍ ജില്ലാ കളക്ടര്‍ ഫഌഗ് ഓഫ് ചെയ്തു. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളെ യാത്രാവേളയില്‍ പോലീസും സെക്ടറല്‍ ഓഫീസര്‍മാരും അനുഗമിച്ചു.

ചെറുതുരുത്തി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ഒരുക്കിയ കമാന്‍ഡ് കണ്‍ട്രോള്‍ റൂമിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും ഒരുക്കിയിട്ടുള്ള വെബ് കാസ്റ്റിങ് സംവിധാനം നിരീക്ഷിക്കുന്നതിനാണ് ഈ കമാന്‍ഡ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്.

ചേലക്കര മണ്ഡലത്തില്‍ 96 പോളിങ് ലൊക്കേഷനുകളിലായി 180 പോളിങ് ബൂത്തുകളാണുള്ളത്. മൂന്ന് ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെയാണ് ഇത്.

തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ കേരള പോലീസിന്റെ 600 ലധികം പോലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയുമാണ് വിന്യസിച്ചിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണന് തിരുവല്വാമല പഞ്ചായത്ത് പാമ്പാടി സ്‌കൂള്‍ ബൂത്ത് നമ്പര്‍ 116 ലാണ് വോട്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ് ബൂത്ത് നമ്പര്‍ 25 ( വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂള്‍ കൊണ്ടയൂര്‍ ) വോട്ട് രേഖപ്പെടുത്തും. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് മണ്ഡലത്തില്‍ വോട്ടില്ല.

തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍ താഴെ പറയുന്ന ഏതെങ്കിലും അംഗീകൃതരേഖ കരുതണം.

  • വോട്ടര്‍ ഐ.ഡി കാര്‍ഡ്
  • ആധാര്‍ കാര്‍ഡ്
  • പാന്‍ കാര്‍ഡ്
  • യൂണിക് ഡിസെബിലിറ്റി ഐ.ഡി
  • കാര്‍ഡ് (യു.ഡി.ഐ.ഡി)
  • സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്
  • ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്
  • തൊഴില്‍മന്ത്രാലയത്തിന്റെ ഹെല്‍ത്ത്
  • ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
  • ഡ്രൈവിങ് ലൈസന്‍സ്
  • പാസ്പോര്‍ട്ട്
  • എന്‍.പി.ആര്‍ സ്‌കീമിന് കീഴില്‍ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്
  • പെന്‍ഷന്‍ രേഖ
  • ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്
  • എം.പിക്കോ/എം.എല്‍.എക്കോ/എം.എല്‍.സിക്കോ നല്‍കിയ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖ.
Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by