തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്ത് മുക്കിയെന്ന് മാതൃഭൂമി പറഞ്ഞ ഫയല്‍ മന്ത്രിയുടെ ഓഫീസില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിന്റെ കെണിയില്‍ വീഴുകയായിരുന്നു മാതൃഭൂമി. വകുപ്പ് സെക്രട്ടറിയായിരുന്ന ജയതിലക് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്കിയ തെറ്റായ റിപ്പോര്‍ട്ടിനെ നമ്പിയതാണ് മാതൃഭൂമിയ്ക്ക് അക്കിടിയായത്. മാതൃഭൂമിയുടെ എഡിറ്റര്‍മാരെ കോടതി കയറ്റിയ പ്രശാന്തിനുള്ള കലിപ്പ് തീര്‍ക്കാന്‍ തക്കം പാര്‍ത്തിരുന്ന പത്രം മുന്നും പിന്നും നോക്കാതെ വാര്‍ത്ത കൊടുത്തു.
‘ഉന്നതി’യില്‍ നിന്ന് സ്ഥാനമൊഴിയും മുമ്പ് ബന്ധപ്പെട്ട ഫയലുകളെല്ലാം പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പ്രശാന്ത് നേരിട്ട് സമര്‍പ്പിച്ചിരുന്നു എന്നാണ് മന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് പ്രശാന്തിനോടുള്ള കുടിപ്പകമൂലം തെറ്റിദ്ധാരണയുടെ പുറത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിയ്ക്കും മാതൃഭൂമിക്കും നല്‍കുകയായിരുന്നുവെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
ഇതേ തുടര്‍ന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആക്ഷേപങ്ങളാണ് ഇപ്പോള്‍ സസ്പെന്‍ഷനില്‍ കലാശിച്ചിരിക്കുന്നത്. സസ്പെന്ഷന് എതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്ന് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: