റാഞ്ചി : ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ തുറന്നടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജെഎംഎം സഖ്യം സംസ്ഥാനത്തിനെ റോഹിങ്ക്യകൾക്കും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കും വേണ്ടിയുള്ള ഒരു ധർമ്മശാലയാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗർവായിലെ ഭാവനാഥ്പൂരിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാഹചര്യത്തിൽ മാഫിയ, കല്ലേറ് നടത്തുന്നവർ, അരാജകത്വം പ്രചരിപ്പിക്കുന്നവർ, ഉത്സവങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നവർ എന്നിവരെ ചികിത്സിക്കുന്നതിന് ജാർഖണ്ഡിൽ ഇരട്ട എഞ്ചിൻ സർക്കാർ ആവശ്യമാണെന്ന് ആദിത്യനാഥ് പറഞ്ഞു. അരാജകത്വം നടത്തുന്ന റോഹിങ്ക്യകൾക്കും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കും എതിരെ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. വിഭജിക്കുകയാണെങ്കിൽ തങ്ങൾ തുടച്ചുനീക്കപ്പെടുമെന്നും ഒന്നിച്ചാൽ സുരക്ഷിതരായി തുടരാമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
കൂടാതെ ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ അഴിമതിക്കും അരാജകത്വത്തിനും പ്രകൃതിവിഭവങ്ങളുടെ കൊള്ളയ്‌ക്കും ആക്കം കൂട്ടിയെന്നും ആദിത്യനാഥ് ആരോപിച്ചു. റാഞ്ചിയിലും പട്‌നയിലും ദൽഹിയിലുമായി മൂന്ന് കുടുംബങ്ങൾ വ്യക്തിപരമായ വളർച്ചയ്‌ക്കായി കൊള്ളയും അഴിമതിയും നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. സോറൻ കുടുംബത്തെയും ലാലു പ്രസാദിന്റെ കുടുംബത്തെയും ഗാന്ധി കുടുംബത്തെയും പരാമർശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
ഇതിനു പുറമെ ജെഎംഎം നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ പ്രകൃതി സമ്പത്ത് കൊള്ളയടിക്കപ്പെടുകയാണ് , തൊഴിലാളികൾ ജാർഖണ്ഡിൽ നിന്ന് കുടിയേറാൻ നിർബന്ധിതരാകുന്നു, കർഷകർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ അവസരത്തിൽ യുപിയുടെ മാതൃകയിൽ കല്ലേറ് നടത്തുന്നവർക്കും മാഫിയകൾക്കും യമരാജിന്റെ വീട്ടിലേക്ക് ടിക്കറ്റ് നൽകുന്നതിന് ജാർഖണ്ഡിൽ ഇരട്ട എഞ്ചിൻ സർക്കാർ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ സമാധാനപരമായി ഉത്സവങ്ങൾ ആഘോഷിക്കാൻ ആളുകളെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ലവ് ജിഹാദ് കാരണം ജാർഖണ്ഡിലെ പെൺമക്കൾക്ക് ഭീഷണിയുണ്ടെന്നും അതിന് തക്ക മറുപടി നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും യോഗി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും അഭിമാനവും സ്ത്രീശാക്തീകരണവും യുവാക്കൾക്ക് തൊഴിലവസരവും ഉറപ്പുനൽകാൻ കഴിയുന്ന ഒരേയൊരു പാർട്ടി ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: