Kerala

സീ പ്ലെയിന്‍; ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്; അന്ന് സമരം ചെയ്ത് പൂട്ടിച്ചു, ഇന്ന് പ്രകൃതി സൗഹൃദം

Published by

തിരുവനന്തപുരം: സീ പ്ലെയിന്‍ കൊച്ചിയില്‍ നിന്നും പറന്നുയരുമ്പോള്‍ ചര്‍ച്ചയാകുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്. 2013ല്‍ കൊല്ലത്ത് ഉദ്ഘാടനം ചെയ്ത പദ്ധതി പൂട്ടിച്ചത് സിപിഎം. 11 വര്‍ഷത്തിന് ശേഷം അതേ സീ പ്ലെയിന്‍ പദ്ധതി ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാര്‍. ഇതോടെ ഖജനാവില്‍ നിന്നും നഷ്ടമായത് 14 കോടിരൂപയും.

2013 ജൂണ്‍ രണ്ടിന് കൊല്ലത്താണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. പവര്‍ഹാന്‍സ് ഹെലികോപ്‌റ്റേഴ്‌സ് ലിമിറ്റഡാണ് കേരളത്തിന്റെ സീ പ്ലെയിന്‍ പദ്ധതി പഠിച്ച് സാധ്യതാ പഠനം നടത്തിയത്. അവര്‍തന്നെ ഡിപിആറും തയാറാക്കി. അഷ്ടമുടി, വേമ്പനാട്, പുന്നമട, ബേക്കല്‍, കൊച്ചി കായലുകള്‍ ഉള്‍പ്പെടുത്തിയുള്ള വിനോദ സഞ്ചാര യാത്രയില്‍ സ്വകാര്യ സംരംഭകരെ കൂടി പങ്കെടുപ്പിച്ചാണ് പദ്ധതി ഒരുക്കിയത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ സീ പ്ലെയിന്‍ ഇറക്കാനും ഇന്ധനം നിറയ്‌ക്കാനുമുള്ള സൗകര്യവും ഒരുക്കി.

എന്നാല്‍ മത്സ്യത്തൊഴിലാളികളെ സിപിഎം തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്ക് എതിരെ രംഗത്ത് ഇറക്കി. സീ പ്ലെയിന്‍ കായലിലെ മത്സ്യബന്ധനത്തെ തകര്‍ക്കുമെന്നും മത്സ്യ സമ്പത്ത് ഇല്ലാതാക്കുമെന്നും പ്രചരിപ്പിച്ചായിരുന്നു മത്സ്യത്തൊഴിലാളികളെ ഇളക്കിവിട്ടത്. ഉദ്ഘാടന ദിവസം ആലപ്പുഴയിലെ പുന്നമടക്കായലിലായിരുന്നു സീ പ്ലെയിന്‍ ഇറക്കാന്‍ നിശ്ചയിച്ചത്. എന്നാല്‍ പ്ലെയിന്‍ ഇറങ്ങേണ്ട ഭാഗത്ത് മത്സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെ ബോട്ടുകളിറക്കി ബന്ദാക്കി. ഇതോടെ ഉദ്ഘാടനം പൂര്‍ത്തിയാക്കാനായില്ല. സീ പ്ലെയിന്‍ പദ്ധതിക്കായി ഒരുക്കിയ സംവിധാനങ്ങള്‍ കായല്‍ക്കരകളില്‍ നോക്കുകുത്തിയായി.

2015ല്‍ പദ്ധതിക്ക് വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ വീണ്ടും എതിര്‍പ്പ് കടുപ്പിച്ചു. ഇതോടെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞു തുടങ്ങി. പിന്നാലെ വന്ന പിണറായി സര്‍ക്കാര്‍ കരാര്‍ തന്നെ റദ്ദാക്കി. പദ്ധതിക്കായി വാങ്ങിയ ഉപകരങ്ങള്‍ പല സ്ഥാപനങ്ങള്‍ക്ക് വെറുതെ നല്കി. സ്പീഡ് ബോട്ടുകള്‍ കെടിഡിസി, ഡിടിപിസി എന്നിവയ്‌ക്കും ബാഗേജ് സ്‌കാനാര്‍, എക്‌സ് റേ മെഷീന്‍ എന്നിവ വിവിധ സ്ഥാപനങ്ങള്‍ക്കും നല്കി. ഇതോടെ പദ്ധതി എന്നന്നേക്കുമായി വെള്ളത്തിലായി.

അന്ന് മത്സ്യ സമ്പത്ത് നശിക്കുമെന്ന് പറഞ്ഞ സര്‍ക്കാരാണ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഇടുക്കിയിലേക്ക് സീ പ്ലെയിന്‍ പദ്ധതി തയാറാക്കുന്നത്. ഇടുക്കിയില്‍ മാട്ടുപ്പെട്ടി ഡാമിലാണ് ലാന്‍ഡിങ്. എന്നാല്‍ ഇടുക്കിയില്‍ കടുത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന വനം വകുപ്പിന്റെ മുന്നറിയിപ്പ്‌പോലും തള്ളിക്കളഞ്ഞാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ ആനകളുടെ കേന്ദ്രമാണ് മാട്ടുപെട്ടി ഡാമും അതിനുചുറ്റുമുള്ള വനമേഖലയും. ആനകളുടെ വിഹാരകേന്ദ്രമാണ് ഇവിടം. പകല്‍സമയത്ത് പോലും ആനകളെ കാണാനാകും. സീ പ്ലെയിന്റെ ശബ്ദം ആനകളെ മാത്രമല്ല, മറ്റ് വന്യ ജീവികള്‍ക്കും ഹാനികരമാകുമെന്നാണ് വനംവകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by