കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടന്‍ കാറ്റിനെ തൂത്തെറിഞ്ഞ് മലപ്പുറം വസന്തം വിരിയിച്ചു. ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സ്്കൂള്‍ അത്റ്റിക്സില്‍ മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാരാകുന്നത്.
22 സ്വര്‍ണവും 32 വെള്ളിയും 24 വെങ്കലവുമടക്കം 247 പോയിന്റ് നേടിയാണ് മലപ്പുറം ചരിത്രം കുറിച്ചത്. രണ്ടാമതെത്തിയ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന് 25 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവുമടക്കം 213 പോയിന്റ് മാത്രമാണുള്ളത്. സ്വര്‍ണനേട്ടത്തില്‍ മറ്റൊരു ജില്ലയ്‌ക്കും രണ്ടക്കം കടക്കാനായില്ല. എട്ട് സ്വര്‍ണവും 9 വെള്ളിയും 5 വെങ്കലവുമടക്കം 73 പോയിന്റുമായി ആതിഥേയരും മുന്‍ ചാമ്പ്യന്മാരുമായ എറണാകുളമാണ് മൂന്നാമത്. നാലാം സ്ഥാനം കോഴിക്കോടിനാണ്. 7 സ്വര്‍ണവും ആറ് വെള്ളിയും 10 വെങ്കലവുമടക്കം 72 പോയിന്റ്. തിരുവനന്തപുരം (9), ആലപ്പുഴ (6), കാസര്‍കോട് (6), കോട്ടയം, കണ്ണൂര്‍, തൃശൂര്‍ (3വീതം), ഇടുക്കി (1), വയനാട് (2) എന്നീ ജില്ലകളും സ്വര്‍ണ നേട്ടത്തില്‍ പങ്കാളികളായി. പത്തനംതിട്ടയും കൊല്ലവുമാണ് സ്വര്‍ണം നേടാന്‍ കഴിയായതിരുന്ന ജില്ലകള്‍.
കൊച്ചിയില്‍ ആദ്യ ദിവസം മുതല്‍ മുന്നിലായിരുന്ന മലപ്പുറം ജില്ലയുടെ കിരീടധാരണം കൃത്യമായ തയ്യാറെടുപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലവുമടക്കം 266 പോയിന്റ് സ്വന്തമാക്കിയായിരുന്നു പാലക്കാടിന്റെ കിരീടധാരണമെങ്കില്‍ ഇത്തവണ മെഡലുകളുടെയും പോയിന്റുകളുടെയും കുറവ് അവര്‍ക്ക് തിരിച്ചടിയായി. അതേസമയം കഴിഞ്ഞ വര്‍ഷം 13 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവുമടക്കം 168 പോയിന്റ് നേടിയ മലപ്പുറം ഇത്തവണ സ്വപ്നതുല്യ കുതിപ്പ് നടത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ തവണ മൂന്നാമതായിരുന്ന കോഴിക്കോട് ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചാമ്പ്യന്‍ സ്‌കൂളുകള്‍ക്കുള്ള പോരാട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനവും മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ കരസ്ഥമാക്കി. എട്ട് സ്വര്‍ണവും 11 വെള്ളിയും 7 വെങ്കലവുമടക്കം 80 പോയിന്റുമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് ചാമ്പ്യന്‍ സ്‌കൂളായി. രണ്ടാം സ്ഥാനം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിനാണ്. പക്ഷെ സമ്മാനദാനത്തിനിടെ ജിവി രാജ സ്‌കൂളിനെ രണ്ടാം സ്ഥാനക്കാരായി തെരഞ്ഞെടുത്തു. പോയിന്റ് പട്ടിക ക്രമപ്പെടുത്തിയതിലെ അപാകത ആശങ്കയ്‌ക്കിടയാക്കി, തര്‍ക്കത്തിനും വഴിവച്ചു. കായികമേളയുടെ കൈറ്റ് വെസ്സൈറ്റില്‍ സ്‌കൂളുകളുടെ പട്ടികയില്‍ നാവാമുകുന്ദയും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളും 44, 43 പോയിന്റുകള്‍ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലായിരുന്നു. എന്നാല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ ജിവി രാജ 55 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇവന്റ് തുടങ്ങും മുമ്പേ മന്ത്രി വി. ശിവന്‍കുട്ടി സ്‌പോര്‍ട്‌സ് ഹോസ്റ്റലിന് പ്രത്യേകമായി പോയിന്റ് കണക്കാക്കില്ല സ്‌കൂളായി തന്നെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.
29 പോയിന്റുമായി കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസും 28 പോയിന്റുമായി പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസുമാണ് നാലും അഞ്ചും സ്ഥാനത്ത്. അഞ്ച് ദിവസമായി നടന്ന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആകെ ഒന്‍പത് റിക്കാര്‍ഡുകള്‍ പിറവിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: