കൊച്ചി: ഇന്നലെ മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ സ്വര്‍ണം ആര്‍ക്കെന്നറിയാന്‍ കോടതി വിധിവരണം. മത്സരത്തില്‍ ഒന്നാമതെത്തിയ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ വി.വി. രോഹിത് ചന്ദ്രന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് മത്സരിച്ചത്. പാലക്കാട് ജില്ലയില്‍ നടന്ന ഹാമറില്‍ മൂന്ന് തവണയും ഫൗളായതിനെ തുടര്‍ന്ന് അയോഗ്യേനാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് രോഹിത് കോടതിയെ സമീപിച്ചത്. കോണ്‍ക്രീറ്റ് ചെയ്യേണ്ട സ്ഥലത്തിന് പകരം മണ്ണിട്ട് സ്ഥലത്താണ് മത്സരം നടത്തിയതെന്നും കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ വെള്ളിയും ദേശീയതലത്തില്‍ ആറാം സ്ഥാനവും നേടിയതിന്റെ സര്‍ട്ടിഫിക്കറ്റുകളും കാണിച്ചതോടെ രോഹിത്തിന് കോടതി മത്സരിക്കാന്‍ അനുമതി നല്കി. എന്നാല്‍ മെഡല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുന്നത് അന്തിമവിധിക്ക് ശേഷമായിരിക്കണമെന്നും കോടതി അറിയിച്ചു.
ഉത്തരവ് വന്നതിനെ തുടര്‍ന്ന് മത്സരത്തിനിറങ്ങിയ രോഹിത് 57.97 മീറ്റര്‍ എറിഞ്ഞ് ഒന്നാമതെത്തി. കേസ് നടക്കുന്നതിനാല്‍ ഒന്നാം സ്ഥാനക്കാരനെ പ്രഖ്യാപിക്കാന്‍ സാധിച്ചില്ല. വിധി അനൂകൂലമായാല്‍ രോഹിതിന് സ്വര്‍ണം ലഭിക്കും. അല്ലാത്തപക്ഷം രണ്ടാമനായി ഫിനിഷ് ചെയ്ത എറണാകുളം കീരംപാറ സെന്റ് സ്റ്റീഫന്‍ എച്ച്എസ്എസിലെ ജോണ്‍സ് ഡൊമനിക് വിജയിയാകും.
പരീശീലനത്തിനിടെ നടുവിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി പൂര്‍ണ വിശ്രമത്തിലായിരുന്ന രോഹിത് മത്സര ദിവസമായ ഇന്നലെയാണ് ഹാമര്‍ കൈയിലെടുക്കുന്നത്. തനിക്ക് മത്സരിക്കാന്‍ അനുമതി നല്കിയ കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് രോഹിത്ത്. പാലക്കാട് ഒളിംപിക് അത്ലറ്റിക് ക്ലബ്ബില്‍ അശ്വിന് ഹരിദാസിന്റെ കീഴിലാണ് രോഹിത് പരിശീലിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ കെ.സി. വിനുവിന്റെയും അധ്യാപികയായ വി.എസ്. ശില്പയുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: