World

സെമിത്തേരിക്ക് അടിയില്‍ ഹിസ്ബുള്ളയുടെ വന്‍ തുരങ്കവും ആയുധശേഖരവും കണ്ടെത്തി

Published by

ബെയ്‌റൂട്ട്: ഹിസ്ബുള്ള ഭീകരര്‍ സെമിത്തേരിക്ക് അടിയില്‍ തുരങ്കങ്ങളുണ്ടാക്കി സൂക്ഷിച്ചിരുന്ന വന്‍ ആയുധശേഖരം ഇസ്രയേല്‍ കണ്ടെത്തി.

തെക്കന്‍ ലെബനനിലെ ക്രിസ്ത്യന്‍ സെമിത്തേരിക്ക് അടിയില്‍ കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്നതും കോണ്‍ക്രീറ്റ് സ്ലാബുകള്‍ പാകിയതുമായിരുന്നു തുരങ്കം.

കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമായാണ് ഉപയോഗിച്ചിരുന്നത്. റോക്കറ്റുകളും മിസൈലുകളും തോക്കുകളും ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇരുമ്പ് വാതിലുകള്‍, എയര്‍ കണ്ടീഷന്‍ഡ് മുറികള്‍, ആയിരക്കണക്കിന് എകെ-47 റൈഫിളുകള്‍, തോക്കും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന ഹാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍, സ്‌നൈപ്പര്‍ ഷൂട്ട് തോക്കുകള്‍, റോക്കറ്റുകള്‍, കൈയില്‍ നിന്ന് തൊടുത്ത് വിടുന്ന ഷെല്ലുകള്‍, കുളിമുറി, ജനറേറ്ററുകളുടെ സംഭരണ മുറി, വാട്ടര്‍ ടാങ്കുകള്‍, പാചക മുറികള്‍ എല്ലാം തുരങ്കത്തിനുള്ളില്‍ ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ അടക്കം ചെയ്തിടത്തും സ്ലാബുകള്‍ മാറ്റിയാണ് ഹിസ്ബുള്ള ആയുധം സൂക്ഷിച്ചിരുന്നത്. ഇതിന്റെ വീഡിയോ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്.

ഹിസ്ബുള്ള ഭീകരരുടെ നിരവധി ഭൂഗര്‍ഭ തുരങ്കങ്ങള്‍ പൊളിച്ചുമാറ്റിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. മുകളില്‍ നിന്ന് നോക്കിയാല്‍ സെമിത്തേരിയെന്ന് തോന്നിക്കുന്ന വിധമായിരുന്നു തുരങ്കത്തിന്റെ നിര്‍മാണം. ഏതാണ്ട് 4500 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് തുരങ്കമായിരുന്നു ഇത്. ഒരു കല്ലറ എന്ന് തോന്നിക്കുന്ന വിധമായിരുന്നു ഇതിന്റെ വാതില്‍ പണിതിരിന്നത്.

കഴിഞ്ഞമാസം ഒരു ലെബനീസ് പൗരന്റെ വീടിന് അടിയിലായി നിര്‍മിച്ചിരുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു. സപ്തംബറില്‍ ലെബനനില്‍ കരമാര്‍ഗം നടത്തിയ ആക്രമണത്തില്‍ അനേകം തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു. 25 മീറ്റര്‍ നീളമുള്ള ഇതിലൊന്ന് ഇസ്രയേലിലേക്ക് എത്തിച്ചേരുന്നതായിരുന്നു.

ലെബനനില്‍ സപ്തംബറില്‍ 40 പേരുടെ മരണത്തിനും 3000 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ പേജര്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മതിച്ചു. പേജര്‍ ആക്രമണത്തിന് താനാണ് അനുമതി നല്കിയതെന്ന് നെതന്യാഹു സമ്മതിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമെര്‍ ദോസ്ത്രിയാണ് വെളിപ്പെടുത്തിയത്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് നെതന്യാഹു സമ്മതിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by