കോട്ടയം: നവംബര്‍ 16ന് താഴത്തങ്ങാടിയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ നെഹ്റുട്രോഫി ജലോത്സവ വിജയികളായ ഒമ്പതു ചുണ്ടന്‍ വള്ളങ്ങളും താഴത്തങ്ങാടി വള്ളംകളിയില്‍ പതിനഞ്ചിലധികം ചെറുവള്ളങ്ങളും മത്സരിക്കും. സി.ബി.എല്‍. മത്സരത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വിനോദസഞ്ചാരവകുപ്പ് ഒരുക്കും. ചുണ്ടന്‍ വള്ളങ്ങള്‍ക്കുള്ള സമ്മാനവും മറ്റ് ആനുകൂല്യങ്ങള്‍ക്കുള്ള തുകയും വകുപ്പ് നല്‍കും. നദിയിലെ വള്ളംകളി ട്രാക്കിലും പാലങ്ങളിലും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങള്‍ നീക്കുന്നതിന് നടപടി സ്വീകരിച്ചതായി ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. വള്ളംകളിക്കുള്ള പൊലീസ് സുരക്ഷ വര്‍ധിപ്പിക്കും. 230 പൊലീസുകാരെ ഇതിനായി നിയോഗിക്കും. നാലു സ്പീഡ് ബോട്ടുകളും രണ്ടു മോട്ടോര്‍ ബോട്ടുകളിലുമായി പൊലീസ് പെട്രോളിങ് നടത്തും. വള്ളംകളി ട്രാക്കിന്റെ ഭാഗത്ത് ചെറുവള്ളങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ട്രാക്കിനെ തടസപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ പൊലീസ് കര്‍ശനനടപടി സ്വീകരിക്കും. അഗ്‌നിരക്ഷാസേനയുടെ വിപുലമായ സേവനം ലഭ്യമാക്കും.
















