മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ശാസ്ത്രസാങ്കേതിക ആശയവിനിമയ രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പടെ അനേകം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനുമായ ഡോ. അനില്‍ കുമാര്‍ വടവാതൂര്‍ ഇംഗ്ളീഷില്‍ രചിച്ച History of Print Media in Malayalam (മലയാളത്തിലെ അച്ചടി മാധ്യമ ചരിത്രം) എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട അറുപതിലേറെ പുസ്തകങ്ങളില്‍ ഒന്നാണ്.
കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം സ്ഥാപക മേധാവിയും കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ(ഐഐഎംസി) ദക്ഷിണ മേഖലാ കാമ്പസിന്റെ സ്ഥാപക ഡയറക്ടറുമായിരുന്ന അനില്‍കുമാര്‍ നിലവില്‍ ഐഐഎംസി കോട്ടയം കാമ്പസിന്റെ റീജിയണല്‍ ഡയറക്ടറാണ്.
വാര്‍ത്താ മാധ്യമങ്ങളുടെ തുടക്കം, സമ്പൂര്‍ണ വാര്‍ത്താപത്രങ്ങള്‍, കേരളപത്രിക വഴികാട്ടുന്നു, സ്വദേശാഭിമാനി: ഉയര്‍ച്ചയും താഴ്ചയും, വാമൂടിക്കെട്ടിയ മാധ്യമയുഗം, ജനകീയസമരങ്ങളും പത്രങ്ങളും, ചരിത്രം സൃഷ്ടിച്ച മാസികകള്‍, സ്വാതന്ത്ര്യാനന്തര അച്ചടിമാദ്ധ്യമങ്ങള്‍ എന്നിങ്ങനെ എട്ട് അദ്ധ്യായങ്ങളിലൂടെ ഇരുനൂറോളം പേജുകളിലായി മലയാള മാധ്യമ ചരിത്രമാണ് അദ്ദേഹം അന്യഭാഷകളിലെ മാധ്യമ കുതുകികള്‍ക്കായി അനാവരണം ചെയ്യുന്നത്.
ഇതില്‍ സ്വാതന്ത്ര്യാനന്തര അച്ചടി മാധ്യമങ്ങള്‍ എന്ന അധ്യായത്തില്‍ അടിയന്തരാവസ്ഥയിലെ മാധ്യമങ്ങള്‍ എന്ന ഉപശീര്‍ഷകത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭാരതത്തിനുമേല്‍ അടിച്ചേല്‍പിച്ച അടിയന്തരാവസ്ഥയിലെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. പല ചരിത്രകാരന്മാരും പൊതുവേ എഴുതാന്‍ മടിക്കുന്നതാണ് അടിയന്തരാവസ്ഥയിലെ ജനാധിപത്യധ്വംസനം. ഏകാധിപത്യത്തിനെതിരെ ലോക് നായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ലോകസംഘര്‍ഷ സമിതി രണ്ടുമാസം നീണ്ടുനിന്ന ഗാന്ധിയന്‍ മാതൃകയിലുള്ള സഹനസമരം ആരംഭിച്ചത് 1975 നവംബര്‍ 14നായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഈ സന്ദര്‍ഭത്തില്‍ അന്ന് മലയാള മാധ്യമങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്ന ഡോ. അനില്‍കുമാറിന്റെ അന്വേഷണം പ്രസക്തമാണ്.
”ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്തെ പത്രപ്രവര്‍ത്തകരുടെ അടിമത്ത മനോഭാവത്തെക്കുറിച്ച് എല്‍.കെ. അദ്വാനിയുടെ ‘നിങ്ങളോട് കുനിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ ഇഴയുകയായിരുന്നു’ എന്ന ചരിത്രപരമായ ഉദ്ധരണി കേരളത്തിലെ പത്രങ്ങള്‍ക്കും തികച്ചും ബാധകമായിരുന്നു. മലയാളത്തിലെ മുഖ്യധാരാ അച്ചടി മാധ്യമങ്ങള്‍, ഉടമസ്ഥരോ പത്രപ്രവര്‍ത്തകരോ എന്ന വ്യത്യാസമില്ലാതെ, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയും ഇരുപതിന സാമ്പത്തിക പരിപാടിയുമെല്ലാം വിധേയഭാവത്തില്‍ ആഘോഷിച്ചു. അച്ചടക്കത്തെക്കുറിച്ചും ദേശീയ പുനരുജ്ജീവനത്തെക്കുറിച്ചും എഴുതുന്നതില്‍ പത്രങ്ങളും ആളുകളും പെട്ടെന്ന് സജീവമായി,” അനില്‍കുമാര്‍ എഴുതുന്നു.
”അടിയന്തരാവസ്ഥക്കാലത്ത് പ്രസിദ്ധീകരണം നിരോധിച്ച ഒരേയൊരു പ്രധാന പത്രം കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ച ജനസംഘത്തിന്റെ മുഖപത്രമായ ജന്മഭൂമിയാണ്. 1975 ജൂലൈ രണ്ടാം തീയതി രാവിലെ പോലീസ്, പത്രത്തിന്റെ ഓഫീസ് വളയുകയും എണ്‍പതു കഴിഞ്ഞ എഡിറ്റര്‍ പി.വി.കെ. നെടുങ്ങാടിയേയും പ്രസാധകന്‍ യു. ദത്താത്രേയ റാവുവിനേയും അറസ്റ്റു ചെയ്യുകയുമുണ്ടായി. ഏതാനും ദിവസങ്ങള്‍ക്കുശേഷം പി.വി.കെ. നെടുങ്ങാടി മോചിതനായെങ്കിലും, ദത്താത്രേയ റാവുവിനെതിരെ മിസ (ആഭ്യന്തര സുരക്ഷാനിയമം) ചുമത്തുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതുവരെ ജയിലിലടയ്‌ക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയെ എതിര്‍ത്ത കോണ്‍ഗ്രസിന്റെ പുരോഗമന വിമതവിഭാഗമായ പരിവര്‍ത്തനവാദികള്‍ക്കുവേണ്ടി ‘ഇന്ദിരയുടെ അടിയന്തിരം’ എന്ന ലഘുലേഖ അച്ചടിച്ച് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാതൃഭൂമി ദിനപത്രത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി. രാജനും അറസ്റ്റിലായി. പി. നാരായണന്‍, ദക്ഷിണാമൂര്‍ത്തി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍. 1975 ഡിസംബര്‍ 15 ന് അടിയന്തരാവസ്ഥക്കാലത്ത് പ്രഖ്യാപിച്ച ക്രൂരമായ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നയിച്ചതിന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചിന്‍ എഡിഷനിലെ പത്രപ്രവര്‍ത്തകനായ രാജശേഖര പണിക്കരും അറസ്റ്റിലായി. പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും പോലീസ് പീഡിപ്പിക്കുകയും ചെയ്തതായി പി.
വി.കെ. നെടുങ്ങാടിക്കൊപ്പം അറസ്റ്റുചെയ്ത മറ്റൊരു മാധ്യമപ്രവര്‍ത്തകനായ പി. നാരായണന്‍ 2021 ജൂണ്‍ 20-ന് ജന്മഭൂമി ദിനപത്രത്തിലെ തന്റെ കോളത്തില്‍ അനുസ്മരിക്കുകയുണ്ടായി. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ താന്‍ പീഡിപ്പിക്കപ്പെട്ടതായും തുടര്‍ന്ന് രണ്ട് മാസത്തോളം ജയില്‍വാസം അനുഭവിച്ചതായും രാജശേഖര പണിക്കര്‍ ഒരു അഭിമുഖത്തിനിടെ അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ഇന്ത്യന്‍ എക്സ്പ്രസ് അദ്ദേഹത്തെ പിരിച്ചുവിട്ടു.
അടിയന്തരാവസ്ഥക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരെ തിരിച്ചെടുക്കാന്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായി. പി. നാരായണന്‍ പറയുന്നതനുസരിച്ച്, ഏകദേശം 22 ചെറുകിട/ഇടത്തരം പ്രസിദ്ധീകരണങ്ങള്‍ പോലീസ് ക്രൂരതയ്‌ക്ക് വിധേയമായി. മിസ വാറണ്ട് ഒഴിവാക്കാന്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധതയുള്ള കേസരി വാരികയുടെ പത്രാധിപര്‍ പി.കെ. സുകുമാരന്‍ ഒളിവില്‍ പോയി.
മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ അടിയന്തരാവസ്ഥയെ വിധേയത്വത്തോടെ സ്വീകരിക്കുകയും വികസന-മാനവീയ കഥകള്‍, അതും ഔദ്യോഗിക സെന്‍സറുടെ അനുമതിക്കുശേഷം, പ്രസിദ്ധീകരിക്കുകയും ചെയ്തു. സിപിഐ(എം)ന്റെ മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെയുള്ള മറ്റെല്ലാ പത്രങ്ങളും ഒരു മുറുമുറുപ്പ് പോലുമില്ലാതെ അവരെ പിന്തുടര്‍ന്നു. ‘കര്‍ണാടകയിലെ ധാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ വടക്കന്‍ കേരളത്തിലെ നാടോടിക്കഥകളെക്കുറിച്ച് പഠിക്കാന്‍ ദേശാഭിമാനി പത്രാധിപര്‍ പി. ഗോവിന്ദപ്പിള്ള ഒരു സ്‌കോളര്‍ഷിപ്പ് സൗകര്യപ്പെടുത്തി’യതായി അതേ ലേഖനത്തില്‍ പി. നാരായണന്‍ അനുസ്മരിക്കുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ മുഖ്യപത്രാധിപരുമായ എന്‍.വി. കൃഷ്ണവാര്യര്‍ ഇന്ദിരാഗാന്ധിയുടെ ഇരുപതിന സാമ്പത്തിക പരിപാടിയെക്കുറിച്ച് വൈകാരികമായ ഒരു കവിത എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതും അദ്ദേഹം അനുസ്മരിച്ചു. എന്നാല്‍ വികസന മാധ്യമപ്രവര്‍ത്തനത്തിന് പുതിയ ഉണര്‍വ് ലഭിക്കുകയും അനേകം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ വരികയും ചെയ്തു,” അനില്‍കുമാര്‍ എഴുതുന്നു.
കോട്ടയത്തെ ഒരു മിഷനറി പ്രസിദ്ധീകരണശാലയില്‍നിന്ന് 1848ല്‍ ആരംഭിച്ച ജ്ഞാനനിക്ഷേപം എന്ന ആദ്യത്തെ വര്‍ത്തമാനപത്രം മുതല്‍ ആരംഭിച്ച മലയാളത്തിലെ അച്ചടിമാധ്യമ ചരിത്രത്തിന്റെ നീണ്ട വഴിയിലൂടെ ഒരോട്ടപ്രദക്ഷിണത്തിന് ഈ ഗ്രന്ഥം സഹായകമാകും. കോട്ടയത്തെ ചര്‍ച്ച് മിഷന്‍ സൊസൈറ്റി(സിഎംഎസ്)യാണ് ജ്ഞാനനിക്ഷേപം പ്രസിദ്ധീകരിച്ചത്. അതൊരു മാസികയായിട്ടാണ് ആരംഭിച്ചതെങ്കിലും വാര്‍ത്തകളുടെ ഉള്ളടക്കത്തിലും വിന്യാസത്തിലും പ്രൊഫഷണല്‍ സമീപനമുണ്ടായിരുന്ന മലയാളത്തിലെ ആദ്യ വര്‍ത്തമാനപത്രമായി ജ്ഞാനനിക്ഷേപത്തെ കണക്കാക്കപ്പെടുന്നു. തലശേരിയിലെ ഇല്ലിക്കുന്നില്‍ നിന്ന് ജര്‍മന്‍ മിഷനറി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1847ല്‍ രാജ്യസമാചാരം എന്നപേരില്‍ കൈയ്യെഴുത്തുപ്രതി കല്ലച്ചില്‍ അടിച്ച് പുറത്തിറക്കിയത് ചിലരെങ്കിലും ആദ്യപത്രമായി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ബംഗാള്‍ ഗസറ്റുപോലെയോ ജ്ഞാനനിക്ഷേപം പോലെയോ ലക്ഷണമൊത്ത പത്രമായിരുന്നില്ല. കൈകൊണ്ടെഴുതി സ്റ്റെന്‍സിലില്‍ തയ്യാറാക്കിയ ഒരു മിഷനറി ലഘുലേഖക്കപ്പുറം ഒരു വര്‍ത്തമാന പത്രത്തിന്റെ യാതൊരു ലക്ഷണവും അതിനുണ്ടായിരുന്നില്ലെന്ന് അനില്‍കുമാര്‍ പറയുന്നു.
നസ്രാണി ദീപിക, പശ്ചിമതാരക, മലയാള മനോരമ, കേരളമിത്രം, മിതവാദി, കേരളകൗമുദി, സഹോദരന്‍, മലയാളി, കേരള ചിന്താമണി, ലോകമാന്യന്‍, മാതൃഭൂമി, കേരളന്‍, സമദര്‍ശി, പ്രബോധകന്‍, സ്വദേശാഭിമാനി, ദീനബന്ധു, മലയാളരാജ്യം, ചന്ദ്രിക, ദീപിക, കേരളഭൂഷണം, എക്സ്പ്രസ്, കേസരി, ദേശബന്ധു, ദേശാഭിമാനി, ജനയുഗം, കൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ വിവരണവും ദേവ്ജി ഭീംജി, കണ്ടത്തില്‍ വറുഗീസ് മാപ്പിള, കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സി.വി. രാമന്‍പിള്ള, സി.വി. കുഞ്ഞിരാമന്‍, ജി.പി. പിള്ള, ടി.കെ. മാധവന്‍, മൂര്‍ക്കോത്ത് കുമാരന്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, കെ.പി. കേശവമേനോന്‍, കരുണാകരന്‍ നമ്പിയാര്‍, സി.കേശവന്‍, ചൊവ്വര പരമേശ്വരന്‍, കൃഷ്ണന്‍ എഴുത്തച്ഛന്‍ തുടങ്ങിയവരുടെ സംഭാവനകളും പുസ്തകത്തിലുണ്ട്. സാഹിത്യ, ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ, ശാസ്ത്ര, മത വിഷയങ്ങളിലുള്ള അനേകം പ്രസിദ്ധീകരണങ്ങളും പഠനവിഷയമാക്കിയിട്ടുണ്ട്.
ഭാരത സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പത്രങ്ങളുടെ മാത്രമല്ല, പ്രസിദ്ധീകരണങ്ങളുടെ മൊത്തത്തിലുള്ള അറിവിലേക്ക് വളരെയേറെ സഹായകമാണ് ഇ ഗ്രന്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: