ചെങ്ങന്നൂര്‍: കോടിക്കണക്കിനു ശബരിമല തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പൊരുതാനുറച്ച് ശബരിമല സംരക്ഷണ സംഗമം. തീര്‍ത്ഥാടനം സുഗമമാക്കുക, ശബരിമലയുടെ നടത്തിപ്പിന് കേന്ദ്ര അതോറിറ്റി രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ സംഗമം ഉന്നയിച്ചു. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം പന്തളം കൊട്ടാരം നിര്‍വാഹക സംഘം ട്രസ്റ്റി പി.എന്‍. നാരായണവര്‍മ ഉദ്ഘാടനം ചെയ്തു.
സംഗമത്തിന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും: ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഭഗവാനു സമര്‍പ്പിക്കുന്ന ദ്രവ്യങ്ങളുടെ പരിശുദ്ധി ഉറപ്പാക്കണം. ശബരിമല സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കണം. സന്നിധാനത്തെ ഹോട്ടലുകള്‍ നിര്‍ത്തി ദേവസ്വം ബോര്‍ഡ് സൗജന്യമായി ഭക്ഷണം നല്‍കണം.
ആചാരാനുഷ്ഠാനങ്ങളില്‍ ബോര്‍ഡ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കരുത്. സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് ചര്‍ച്ചകളില്‍ പന്തളം കൊട്ടാരം പ്രതിനിധികളെയും ഭക്തജന സംഘടനകളെയും ഹൈന്ദവ സംഘടനകളെയും ഉള്‍പ്പെടുത്തണം.
ഭക്തരുടെ മഹാസംഗമത്തെ കൈകാര്യം ചെയ്യാന്‍ സംസ്ഥാനഭരണം അപര്യാപ്തമാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ നിയന്ത്രണത്തിലുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വിലാണ് ശബരിമല ക്ഷേത്രം. എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രാനുമതി വേണം. അതിനാല്‍ ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ചുമതലകള്‍ നിര്‍വഹിക്കാനും കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ ഏകോപനത്തിനും കേന്ദ്ര സര്‍ക്കാര്‍ സ്ഥിരം സംവിധാനം രൂപീകരിക്കണം.
അഡ്വ. അനില്‍ വിളയില്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന് നായര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: