‘തടവറ ഭേദിച്ച് കയ്യാമം പൊട്ടിച്ച് തളിരിട്ട കൃഷ്ണാവതാരം പോലെ’ എന്നൊരു ഗണഗീതമുണ്ട്. രാഷ്‌ട്രീയ സ്വയംസേവക സംഘം ശാഖകളില്‍ പാടുന്നതാണ്. കൃഷ്ണഭക്തിഗീതമല്ല, ഭജനപ്പാട്ടുമല്ല, അര്‍ത്ഥസംപുഷ്ടമായ, ആശയഗംഭീരമായ കവിതയിലെ ഒരു വരി മാത്രമാണ്. ”ഒരു കൊച്ചു കൈത്തിരി കത്തിച്ചുവയ്‌ക്കുവിന്‍/പെരുകുമിരുട്ടിന്‍ ഗൃഹാന്തരത്തില്‍/അതില്‍ നിന്നൊരായിരം പൊന്‍ദീപനാളങ്ങള്‍/ ഉയരട്ടെ പുലരട്ടെ പുണ്യപൂരം” എന്നാണ് തുടക്കം. പതിവുപോലെ, ഗണഗീതങ്ങള്‍ ആരെഴുതി എന്നതിന് പ്രശസ്തി കൊടുക്കാത്തതിനാല്‍ കവി അജ്ഞാതനായി തുടരും.
തടവറ ഭേദിച്ചുവന്ന കൃഷ്ണാവതാരത്തിന് ഒരു ദൗത്യമുണ്ടായിരുന്നു; ”ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി” എന്നതിലെ കൃഷ്ണാവതാരപക്ഷമാണത്; ദശാവതാരത്തിന്റെ ഓരോരോ ലക്ഷ്യങ്ങള്‍ക്ക് അതത് കാലവും കാരണവും തമ്മിലുള്ള ബന്ധം ചിന്തിച്ചുവേണം അവതാര മഹിമ വാഴ്‌ത്തുന്ന പുരാണങ്ങളെ പഠിക്കാന്‍. മത്സ്യാവതാരം വേദങ്ങള്‍ വീണ്ടെടുക്കാനായിരുന്നല്ലോ. ആ വേദങ്ങള്‍ പകുത്ത് അര്‍ത്ഥം വ്യാഖ്യാനിച്ച മുനി വേദവ്യാസന്‍ മീന്‍പിടുത്തക്കാരുടെ കുടുംബത്തില്‍ വന്നു പിറന്നുവെന്ന ‘കഥ’യിലെ പാരസ്പര്യബന്ധമുണ്ടല്ലോ, പുരാണത്തെ പുച്ഛിച്ചും ഇതിഹാസത്തെ നിന്ദിച്ചും വേദങ്ങളെ ആക്ഷേപിച്ചും ജന്മം പാഴാക്കിയവര്‍ക്ക് ആ എഴുത്തിന്റെ ലോകത്തെ മഹാശാസ്ത്രവും കൃത്യതയും തത്ത്വവും ദര്‍ശനവും പോയിട്ട് രൂപഘടനയെക്കുറിച്ചുപോലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് വേണമല്ലോ നാം തിരിച്ചറിയാന്‍. ആധുനിക സാഹിത്യത്തിന്റെ ആഘോഷകരും ”അക്കരെ സാഹിത്യ”ങ്ങളിലെ സര്‍ഗ്ഗ വസന്തത്തെക്കുറിച്ച് പ്രസംഗിച്ച് പാശ്ചാത്യമായതെല്ലാം മികച്ചത് ഭാരതീയം പാഴ്, എന്നു പ്രസംഗിക്കുന്നവരും ഇനിയും തിരിച്ചറിയാത്ത തത്ത്വവും ദര്‍ശനവും ഘടനയും ഒക്കെച്ചേര്‍ന്നുള്ള സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് ചിന്തിച്ചാലേ കൃഷ്ണാവതാരത്തിലെ ‘തടവറ ഭേദന’ത്തിന്റെ സാംഗത്യവും അവതാരലക്ഷ്യത്തിന്റെ സാഫല്യവും ഉള്‍ക്കൊള്ളാനാകൂ.
കൃഷ്ണാവതാരത്തിന്റെ ലക്ഷ്യം ഭരണകൂടത്തിനെ നേര്‍വഴിയിലെത്തിക്കുക കൂടിയായിരുന്നല്ലോ. കണക്കറ്റ കര്‍മങ്ങളുണ്ട് അവതാര കൃഷ്ണന്റേതായി. കൃഷ്ണലീലകള്‍ എന്നാണവ വാഴ്‌ത്തിപ്പാടുന്നത്. ഓരോ ലീലയും ഓരോരോ ധര്‍മ്മങ്ങളുടെ സംസ്ഥാപനവും പുനസ്ഥാപനവുമാണ്. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ ജീവിതം, ചരിതം, വിശാലമായ പാഠപുസ്തകമാണ്. ഗീതോപദേശം അതിലെ തത്ത്വചിന്താഭരിതമായ അദ്ധ്യായമായ ഹൃദയവും.
ആ കൃഷ്ണാവതാരത്തിലെ ധര്‍മ്മസംസ്ഥാപനത്തിന് നടത്തുന്ന ധര്‍മ്മോദ്ഘോഷണ- പ്രചാരണ പ്രവര്‍ത്തനങ്ങളിലെ ഒരു കണ്ണിയാണ് ജന്മഭൂമി. അമ്പതാം വര്‍ഷം, സുവര്‍ണജയന്തി വര്‍ഷമായി ആഘോഷിക്കുന്നതിന്റെ തുടക്കം, പത്രത്തിന്റെ തുടക്ക സ്ഥാനമായ കോഴിക്കോട്ട് അഞ്ചുദിവസത്തെ പരിപാടികളായി നടന്നു- ‘സ്വ’ വിജ്ഞാനോത്സവം എന്നായിരുന്നു അതിന് പേര്. സ്വത്ത്വത്തെ അറിയാനുള്ള വിജ്ഞാനം നല്‍കുന്ന പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍ അതില്‍ നടന്നു. വിജ്ഞാനത്തോടൊപ്പം വിനോദത്തിലൂടെയുള്ള ജ്ഞാനവും ലഭിക്കാന്‍ സര്‍ഗ്ഗ കലാസന്ധ്യകളും ഉണ്ടായിരുന്നു. ഒരു പത്രത്തിന്റെ ധര്‍മ്മം വാര്‍ത്തയും വര്‍ത്തമാനങ്ങളും അറിയിക്കുകയും അതിലൂടെയും അതിനൊപ്പവും ധര്‍മ്മബോധനം നടത്തുകയുമാണല്ലോ. എന്നാല്‍ വായന ഒരു ‘നേരംകൊല്ലി’യായി മാറുകയോ എഴുത്ത് പരദൂഷണത്തിനും പകപോക്കലിനും മാത്രമാവുകയോ ചെയ്യുന്ന കാലത്തേക്ക് വായനക്കാരനെ എത്തിച്ചതിന്റെ ‘ധാര്‍മിക’ ഉത്തരവാദിത്വവും ഇന്ന് മാധ്യമങ്ങള്‍ക്കാണ്. ഭാഷയുടെ ലാളിത്യവും സൗന്ദര്യവും ബന്ധുത്വഭാവവും കളഞ്ഞ് വായനയില്‍നിന്ന് അകറ്റിയതിന് മാധ്യമങ്ങള്‍ മാത്രമല്ല, എഴുത്തുകാരും കുറ്റക്കാരാണ്. ആധുനിക സാങ്കേതിക വളര്‍ച്ചയും അതിന്റെ അതിവേഗവും ഗതിഭേദവും നിശ്ചയമായും മറ്റൊരു കാരണമാണ്. പക്ഷേ, പുതിയ ‘ട്രെന്‍ഡ്’ അനുസരിച്ച് നോക്കുമ്പോള്‍ വായനയുടെ ലോകത്തേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍. ജന്മഭൂമി ‘സ്വ’ വിജ്ഞാനോത്സവ വേദിയില്‍ കണ്ടുമുട്ടിയ ഞങ്ങള്‍ ഒരു ചങ്ങാതിക്കൂട്ടം കുശലം പറഞ്ഞപ്പോള്‍ പുസ്തക വില്‍പ്പന വര്‍ധിക്കുന്നതിന്റെ പുതിയ കണക്ക് ചര്‍ച്ചയായി. ഇത്ര ലക്ഷങ്ങളുടെ പുസ്തകം പുസ്തകോത്സവങ്ങളിലും ഷോറൂമുകളിലും വഴി മാസംതോറും വിറ്റുപോകുന്നുവെന്നായിരുന്നു കണക്ക്. പക്ഷേ, പുസ്തകങ്ങളുടെ എണ്ണമെത്രയെന്ന വിശകലനം വന്നില്ല. മദ്യ വില്‍പ്പനയുടെ തോത്, വിറ്റു വരവിന്റെ രൂപക്കണക്കില്‍ ചര്‍ച്ചയായാല്‍ സര്‍ക്കാര്‍ പറയാറുണ്ട്, അത് മദ്യവില വര്‍ധിച്ചതിനാലാണ്, ‘കുടിയന്മാര്‍’കൂടിയതു കൊണ്ടല്ല എന്ന്. സമാനമായി, പുസ്തകവിലയുടെ തോത് കണക്കാക്കി വേണം’വായന ലഹരി’യെ വിശകലനം ചെയ്യാന്‍.
‘സ്വ’യില്‍ മാധ്യമങ്ങള്‍ ചര്‍ച്ചയായി, സാഹിത്യവും കായികവും സഹകരണവും വനിതാ പ്രശ്നങ്ങളും ഏറ്റവും വലിയ അക്ഷയഖനിയായ സമുദ്ര സമ്പത്തും സെമിനാറില്‍ ചര്‍ച്ച ചെയ്തു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വളര്‍ച്ചയും തളര്‍ച്ചയും സംബന്ധിച്ച നിരീക്ഷണത്തില്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ്. ഗുരുമൂര്‍ത്തിയുടെ അഭിപ്രായങ്ങള്‍ ശ്രദ്ധേയമായി. മാധ്യമപ്രവര്‍ത്തനത്തിന് അപചയം വന്നു. ”അനൈശ്വര്യകരമായ വഴിയില്‍ വന്നു ചേര്‍ന്ന പണമാണ് മാധ്യമങ്ങളുടെ ആത്മാവ് നശിപ്പിച്ചത്. അതിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ അവശ്യ നിയന്ത്രണങ്ങള്‍ മറികടക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ വരവാണ്. ഒരു ശരിയായ ആദര്‍ശത്തിന്റെ അടിത്തറയുള്ള മാധ്യമങ്ങള്‍ക്കേ ധര്‍മ്മസംരക്ഷണത്തിനായി നിലനില്‍ക്കാനാവൂ. ജന്മഭൂമി അതാണ് ചെയ്യുന്നത്.” കൃത്യതയുള്ള ഈ നിരീക്ഷണത്തിലെ, ആ ദൗത്യം നിര്‍വഹിക്കുന്ന ജന്മഭൂമി, ശ്രീകൃഷ്ണ അവതാരത്തിലെന്നപോലെ, വന്നു ചേര്‍ന്ന എല്ലാ എതിര്‍പ്പുകളേയും തരണം ചെയ്താണ് അമ്പതിലെത്തിയത്. പിറവിതന്നെ കംസാധികാരത്തിന്റെ തടവറയിലായിരുന്നു ശ്രീകൃഷ്ണന്. പിറന്നയുടന്‍ ‘അധികാര കംസ മനസ്സുകളുടെ’ തടവിലാക്കപ്പെട്ടതാണല്ലോ ജന്മഭൂമിയുടെ ചരിത്രം. തുടങ്ങി രണ്ടുമാസം തികയും മുമ്പ് 1975 ലെ അടിയന്തരാവസ്ഥയില്‍ പത്രം പൂട്ടിച്ചു. പക്ഷേ, ഉയിര്‍ത്തെഴുന്നേറ്റു. 1977 ല്‍ പത്രം കൊച്ചിയില്‍നിന്ന് പുനരാരംഭിച്ചത് നവംബര്‍ 14 നായിരുന്നു.
( അതിന്റെ 47 വര്‍ഷം തികയാന്‍ 4 ദിവസം കൂടി ).
നവംബര്‍ 14 ശിശുദിനമായി, പണ്ഡിറ്റ് നെഹ്റുവിന്റെ ജന്മദിനമായി രാജ്യം ആഘോഷിക്കുമ്പോള്‍ നിഷ്‌കളങ്കതയുടെ പ്രതീകമായി നെഹ്റുവിനെ വാഴ്‌ത്തുമ്പോള്‍, ആ നെഹ്റുവിന്റെ മകള്‍ ഇന്ദിരയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മാധ്യമങ്ങളെ വിലക്കിയതും പത്രാധിപന്മാരെ വിലങ്ങിലും തടവിലും ആക്കിയതുമെന്ന് നമ്മള്‍ മറക്കും. മാധ്യമ സ്വാതന്ത്ര്യത്തിന് നെഹ്റു അതിരില്ലാത്ത അധികാരം കൊടുത്തു എന്നു പുകഴ്‌ത്താന്‍, ”വിമര്‍ശന കാര്‍ട്ടൂണില്‍ എന്നെ വിട്ടു കളയരുതേ” എന്ന് പറഞ്ഞുവെന്ന് നമ്മള്‍ കീര്‍ത്തനം പാടും. അത് മറ്റൊരു വിശാല വിഷയമാണ്.
മാധ്യമ പ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യവും അവകാശവും അതിര്‍വരമ്പും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്ന അവസരമായി ജന്മഭൂമിയുടെ 50 എന്നത് യാദൃച്ഛികമാണോ? കേരള ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ച മൂന്ന് ഹര്‍ജികളിലെ ഫുള്‍ ബെഞ്ച് ഉത്തരവ് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വ്യക്തതയും അടിത്തറയും നല്‍കുന്നു. ജന്മഭൂമിയുടെ മാധ്യമ സെമിനാര്‍ എത്തിച്ചേര്‍ന്ന നിഗമനവും അതായിരുന്നു. ഉത്തരവാദിത്വമുള്ള, ലക്ഷ്യബോധമുള്ള, ധര്‍മ്മബോധനം നല്‍കുന്ന പത്രധര്‍മ്മം പാലിക്കപ്പെടുന്ന പത്രപ്രവര്‍ത്തനം വേണം. ആധുനിക സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും വിനിയോഗിക്കണം പക്ഷേ, ദുരുപയോഗിക്കരുത്. ”മൂലധനം വിറ്റ് കച്ചവടം നടത്തരുത് ” എന്ന് ഒരു സൂത്രവാക്യമുണ്ട്. കര്‍ണ്ണന്‍ തന്റെ ദാനധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാതെ, അത് വിവേകമില്ലാതെ ചെയ്യുന്നത് അപകടകരമാണെന്ന, അച്ഛനായ സൂര്യന്റെ വാക്ക് കേള്‍ക്കാതെ, നിലനില്‍പ്പിന്റെ ആധാരമായ കവച കുണ്ഡലങ്ങള്‍ മകന്‍ അര്‍ജുനന്റെ വിജയം ഉറപ്പാക്കാന്‍ പ്രയത്‌നിക്കുന്ന ഇന്ദ്രന് ദാനം ചെയ്യുന്ന വേളയില്‍ ആ വിലക്കുവാക്യം ‘കര്‍ണ്ണഭൂഷണ’മെന്ന കാവ്യത്തില്‍ മഹാകവി ഉള്ളൂര്‍ ഇങ്ങനെ എഴുതുന്നു: ”നീവി വിറ്റുണ്ണുന്ന നിര്യാണവാണിജ്യം നീ വിരഞ്ഞീടൊല്ലേ നീതിമാനേ,” എന്ന്. കര്‍ണ്ണന്‍ അതനുസരിച്ചില്ല. യുദ്ധക്കളത്തില്‍ അമ്പേറ്റ് വീണു.
മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിത്തറ ധര്‍മ്മത്തിലാണ്. അതാണ് മൂലധനം. ‘അ’ യില്‍ (അച്ചടി) നിന്ന് ‘ആ’ യിലേക്ക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വളരുമ്പോള്‍ വിറ്റുതുലയ്‌ക്കരുത് ധര്‍മ്മമെന്ന മൂലധനം. വ്യാജം പറയാതിരിക്കുക, വ്യാജത്തെ തുറന്നു കാണിയ്‌ക്കുക എന്നതാണ് ധര്‍മ്മങ്ങളില്‍ മുഖ്യം. ശരിയിലേക്കുള്ള വഴികാണിക്കലാണ് മറ്റൊന്ന്. വ്യക്തിക്കപ്പുറം സമൂഹത്തിനും രാജ്യത്തിനും രാഷ്‌ട്രത്തിനും ഹിതമാകുകയെന്നതാണ് മറ്റൊന്ന്. ജന്മഭൂമിയുടെ ആപ്തവാക്യവുമതാണ്; ”യതോ ധര്‍മ്മസ്തതോ ജയഃ ” (എവിടെ ധര്‍മ്മമുണ്ടോ അവിടെ ജയമുണ്ട്) താല്‍ക്കാലിക ജയത്തിനല്ല, സ്ഥിര വിജയത്തിനാകണമല്ലോ ലക്ഷ്യം. അമ്പതില്‍ ആ സ്വത്വം ആവുന്നത്ര ഉച്ചത്തില്‍ പറഞ്ഞ്, അറിയിക്കുന്നതായിരുന്നു ‘സ്വ’ വിജ്ഞാനോത്സവം.
ഗണഗീതം ഒന്നിച്ചു പാടുന്നതാണ്; കൂട്ടുപാട്ട്: ”ഒരാദര്‍ശ ദീപം കൊളുത്തൂ,/ കെടാതായതാജന്മകാലം വളര്‍ത്തൂ,/ അതിന്നായഹോരാത്രമേകൂ/ സ്വജീവന്റെ രക്തം…”
പിന്‍കുറിപ്പ്:
വഖഫ് നിയമം റദ്ദാക്കാന്‍ പറ്റില്ലെങ്കില്‍ ക്ഷേത്ര സ്വത്തുക്കളുടെ പൂര്‍വകാലത്തെ കണക്കെടുപ്പ് നടത്തി, അവകാശം നിശ്ചയിക്കാന്‍ ഒരു നിയമമുണ്ടാക്കിയാല്‍ എങ്ങനെ പ്രതികരിക്കുമെന്നൊരാളുടെ സംശയം; പലരും കുടുങ്ങിയതു തന്നെ !!
പ്രതികരിക്കാൻ ഇവിടെ എഴുതുക: