കൊച്ചി: ഹര്‍ഡിലുകള്‍ക്ക് മീതെ പറന്ന് സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്ററില്‍ തൃശൂരിന്റെ വിജയകൃഷ്ണയ്ക്ക് പൊന്ന്. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസിലെ താരമായ ഈ മിടുക്കന് 13.97 സെക്കന്‍ഡില്‍ പറന്നെത്തി പുതിയ മീറ്റ് റിക്കാര്‍ഡോടെയാണ് പൊന്നണിഞ്ഞത്.
കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന കായികമേളയില്‍ വിജയകൃഷ്ണ വെള്ളി നേടിയിരുന്നു. അതാണ് ഇത്തവണ പൊന്നാക്കി മാറ്റിയത്. വെള്ളി നേടിയ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ എസ്. ഷാഹുലും നിലവിലെ റിക്കാര്‍ഡ് മറികടന്നു. 14 സെക്കന്‍ഡിലാണ് ഷാഹുല്‍ ഫിനിഷ് ലൈന്‍ കടന്നത്. കഴിഞ്ഞ വര്‍ഷം ഷാഹുലിന് വെങ്കലമായിരുന്നു ലഭിച്ചത്. കോഴിക്കോട് ദേവഗിരി സാവിയോ എച്ച്എസ്എസിലെ പി. അമര്‍ജിത്ത് 14.23 സെക്കന്‍ഡില്‍ വെങ്കലം സ്വന്തമാക്കി.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും വെള്ളിയും കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന ജൂനിയര്‍ വിഭാഗത്തിന്റെ തനിയാവര്‍ത്തനമായിരുന്നു. തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ആദിത്യ അജിയാണ് 14.21 പറന്നെത്തി സ്വര്‍ണമണിഞ്ഞത്. കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് ജൂനിയര്‍ പെണ്‍കുട്ടികളില്‍ മത്സരിച്ചും ആദിത്യ സ്വര്‍ണം നേടിയിരുന്നു. വെള്ളിയും മലപ്പുറത്തിന് തന്നെ. കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ എയ്ഞ്ചല്‍ ജെയിംസ് 14.85 സെക്കന്‍ഡില്‍ വെള്ളിയും സ്വന്തമാക്കി. വെങ്കലവും കടകശ്ശേരിക്കാണ്. അവരുടെ എന്‍.ആര്. പാര്‍വതി 15.31 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന് വെങ്കലമണിഞ്ഞു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ എസ്. അഭയ്സിവേദ് പൊന്നണിഞ്ഞു. 14.54 സെക്കന്‍ഡില്‍ പറന്നെത്തിയാണ് വടവന്നൂര്‍ വിഎംഎച്ച്എസിലെ ഈ മിടുക്കന് ഒന്നാമതെത്തിയത്. വെള്ളി നേടിയ മലപ്പുറം തിരുനാവായാ നാവാമുകുന്ദ എച്ച്എസ്എസിലെ സി.കെ. ഫസലുള്‍ ഹഖിനെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയായിരുന്നു അഭയ്സിവേദിന്റെ സ്വര്‍ണനേട്ടം. നാവാമുകുന്ദ എച്ച്എസ്എസിലെ തന്നെ താരമായ പ്രേം 15.29 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ എന്‍.എസ്. വിഷ്ണുശ്രീ സ്വര്‍ണം നേടി. 14.93 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് വിഷ്ണുശ്രീയുടെ നേട്ടം. ഹര്‍ഡില്‍സില്‍ വടവന്നൂരിന്റെ രണ്ടാം സ്വര്‍ണമായി ഇത്. ജൂനിയര്‍ ആണ്‍കുട്ടികളിലും ഈ സ്കൂള്‍ സ്വര്‍ണം നേടിയിരുന്നു. ആലപ്പുഴ ചാരമംഗലം ജിഡിവിഎച്ച്എസ്എസിലെ അനാമിക അജേഷ് 15.43 സെക്കന്‍ഡില്‍ വെള്ളിയും തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസിലെ വി.എം. അശ്വതി 15.48 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.
സബ്ജൂനിയര് ആണ്‍കുട്ടികളുടെ 80 മീറ്ററില്‍ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിനാണ് സ്വര്‍ണം. അവരുടെ സായ്വേല്‍ ബാദുസ 12.26 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പൊന്നണിഞ്ഞപ്പോള്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ എ. വിഘ്നേഷ് 12.40 സെക്കന്‍ഡില്‍ വെള്ളിയും, വയനാട് കാട്ടിക്കുളം ജിഎച്ച്എസ്എസിലെ ആര്. നിധീഷ് 12.42 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ എം. റെയ്ഹാന 13.07 സെക്കന്‍ഡില്‍ സ്വര്‍ണവും പറളി എച്ച്എസിലെ സി.കെ. സ്വാതി കൃഷ്ണന് 13.31 സെക്കന്‍ഡില്‍ വെള്ളിയും മലപ്പുറം മൂര്‍ക്കനാട് എസ്എസ്എച്ച്എസ്എസിലെ എം. റിദ ജാസ്മിന് 13.38 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: