റാഞ്ചി : നികുതിവെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ജാർഖണ്ഡിൽ വ്യാപക പരിശോധന നടത്തി ആദായനികുതി വകുപ്പ്. പ്രധാനമായും മുഖ്യമന്ത്രി ഹേമന്ത് സോറനുമായി ബന്ധമുള്ള വ്യക്തിയുടെ സ്ഥലങ്ങൾ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലെ ഒന്നിലധികം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് ശനിയാഴ്ച പരിശോധന നടത്തിയതായിട്ടാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.
പുലർച്ചെ ആരംഭിച്ച ഓപ്പറേഷനിൽ തലസ്ഥാനമായ റാഞ്ചിയിലെയും ജംഷഡ്പൂരിലെയും മൊത്തം ഒമ്പത് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. സിആർപിഎഫിന്റെ ഒരു സുരക്ഷാ സംഘം തിരച്ചിൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് കാവലൊരുക്കിയെന്നും വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സഹായി സുനിൽ ശ്രീവാസ്തവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയെന്ന് അവർ പറഞ്ഞു. ഇഡിയും സിബിഐയും അടുത്തിടെ നടത്തിയ അന്വേഷണങ്ങളിൽ സംസ്ഥാനത്ത് അനധികൃത മദ്യവ്യാപാരവും ഖനനവും നടന്നതെന്ന് കണ്ടെത്തിയിരുന്നു.
അതിനിടെ കോൺഗ്രസ് നേതാക്കൾ പരിശോധന ചോദ്യം ചെയ്തെങ്കിലും സംസ്ഥാനത്തെ ഭരിക്കുന്ന പാർട്ടികൾ തിരച്ചിലിനെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി വക്താവ് പ്രതുൽ ഷാദിയോ ചോദിച്ചു. ഐ-ടി വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവരുന്നത് വരെ വിശദീകരണത്തിന് ഏവരും കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 13, 20 തീയതികളിലാണ് ജാർഖസിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23 ന് വോട്ടെണ്ണൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: