ശ്രീകാര്യം: വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ, കഞ്ചാവ് കച്ചവടം നടത്തിവന്ന സംഘത്തിലെ നാലുപേര്‍ പിടിയില്‍. ശ്രീകാര്യം, മംഗലപുരം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് ലഹരിയായ എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.
വെള്ളനാട് സ്വദേശി രമേഷ് (40), വലിയവേളി സ്വദേശി ബൈജു പെരേര (33), വള്ളക്കടവ് സ്വദേശി റോയ് ബഞ്ചമിന് (31) എന്നിവരും മംഗലപുരത്ത് നിന്നും മുണ്ടയ്ക്കല്‍ ലക്ഷം വീട് സ്വദേശി ദീപു (23) മാണ് അറസ്റ്റിലായത്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വെള്ളനാട് സ്വദേശിയായ രമേഷ് ശ്രീകാര്യം ഇളംകുളത്ത് വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവരുന്ന വിവരം ലഭിച്ച പോലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ വീട് വളഞ്ഞാണ് മൂന്നുപേരെ പിടികൂടിയത്.
അറസ്റ്റിലായവരില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. മംഗലപുരത്ത് വെയിലൂര്‍ മുണ്ടയ്ക്കല്‍ കോളനിയില്‍ വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായിട്ടാണ് ദീപുവിനെ പിടികൂടിയത്. ദീപുവിന്റെ കൈയില്‍ നിന്നും എംഡിഎംഎയ്ക്ക് പുറമേ കഞ്ചാവും പിടികൂടിയിട്ടുണ്ട്. സ്ഥിരമായി ലഹരി വില്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ഇവര്‍ ലഹരി വില്പന നടത്തിയിരുന്നത്. സിറ്റി റൂറല്‍ ഡാന്‍സാഫ് സംഘവും പോലീസും നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവര്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: