ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ ഇസ്രയേലി ഫുട്ബോള്‍ ആരാധകര്‍ക്ക് നേരെ അക്രമണം. ആക്രമണത്തില്‍ രണ്ട് ഇസ്രയേലികളെ കാണാതായി പത്തുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂറോപ്പ ലീഗ് മത്സരത്തിന് മുമ്പാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ പാലസ്തീന്കാരാണെന്ന് ആരോപണമുണ്ട്. ആംസ്റ്റര്‍ഡാംഷെ ഫുട്ബോള്‍ ക്ലബ്ബായ അജാക്സിന്റെയും ഇസ്രയേലി പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ മക്കാബി ടെല്‍ അവീവിന്റേയും ആരാധകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നൂറുകണക്കിന് മക്കാബി ആരാധകര്‍ സെന്‍ട്രല്‍ ഡാം സ്ക്വയറില്‍ തടിച്ചുകൂടി പടക്കം പൊട്ടിച്ചതോടെ മത്സരത്തിന് മുന്‍പ് പോലീസുമായും ഏറ്റുമുട്ടല്‍ ഉണ്ടായി. പൊതു ക്രമസമാധാനം തകര്‍ത്തതിനും അനധികൃതമായി പടക്കങ്ങള്‍ കൈവശം വച്ചതിനും ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആംസ്റ്റര്‍ഡാമിലെ ഇസ്രയേലികളോട് തെരുവുകളില്‍ ഇറങ്ങരുതെന്നും ഹോട്ടല്‍ മുറികളില്‍ താമസിക്കാനും ഇസ്രയേല്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആംസ്റ്റര്‍ഡാമിലെ ഇസ്രയേലി ഫുട്ബോള്‍ ആരാധകരുടെ സുരക്ഷക്കായി രണ്ട് രക്ഷാപ്രവര്‍ത്തന വിമാനങ്ങള്‍ അയക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു.
ഡച്ച് സര്‍ക്കാരും സുരക്ഷാ സേനയും കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇസ്രയേലി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിരപരാധികളായ ഇസ്രയേലികളെ ലക്ഷ്യമിട്ടുള്ള ജനക്കൂട്ടമാണ് സംഭവത്തിന് പിന്നിലെന്ന് ഇസ്രയേലി എംബസി കുറ്റപ്പെടുത്തി. ഇസ്രയേലി പൗരന്മാര്ക്ക് അവരുടെ ഹോട്ടലുകളില്‍ നിന്ന് സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് എത്താന്‍ ഡച്ച് സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചതായി ഇസ്രയേലിന്റെ പുതിയ വിദേശകാര്യമന്ത്രി ഗിഡിയന്‍ സാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 62 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്രയേലി പൗരന്മാര്ക്ക് നേരെ നടന്ന ആക്രമണത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി ഡിക്ക് സ്കൂഫ് പറഞ്ഞു. നെതന്യാഹുവുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: