ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭഗവാന്റ ഉദയാസ്തമയ പൂജ ഒഴിവാക്കിയ ദേവസ്വം തീരുമാനം ചോദ്യം ചെയ്ത് ക്ഷേത്രത്തിലെ തന്ത്രി കുടുംബാംഗങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തന്ത്രി കുടുംബത്തിലെ ഒന്‍പതു പേര്‍ ചേര്‍ന്നു നല്കിയ ഹര്‍ജി, ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിനോടു വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. ദേവസ്വത്തിന്റെ തീരുമാനത്തിനെതിരേ ഭക്തരിലും പ്രതിഷേധമുണ്ട്.
ഇത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാര ലംഘനമാണെന്ന് ആരോപിച്ചാണ് തന്ത്രി കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചത്. ഉദയാസ്തമയ പൂജ ഒഴിവാക്കിയത് അതിരഹസ്യമായി നടത്തിയ ഒറ്റരാശി പ്രശ്നത്തിലൂടെയാണെന്ന് ഭക്തര്‍ ആരോപിക്കുന്നു. ക്ഷേത്രാചാര അനുഷ്ഠാനങ്ങളില്‍ ദേവഹിതം തേടുന്ന ഒറ്റരാശി പ്രശ്നം, ക്ഷേത്ര മുഖമണ്ഡപത്തിലാണ് നടത്തേണ്ടതെന്നും, ഈ ആചാരവും ലംഘിച്ചെന്നും ഭക്തര്‍ ആരോപിച്ചു.
ഗുരുവായൂര്‍ ഏകാദശി പ്രതിഷ്ഠാദിനത്തിലാണ് ആചരിക്കുന്നത്. ശ്രീശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയ പൂജാവിധിയാണ് വൃശ്ചിക മാസ ശുക്ലപക്ഷത്തിലെ ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ നടത്തുന്ന ഉദയാസ്തമയ പൂജ.
ഗുരുവായൂര്‍ പ്രതിഷ്ഠ നടത്തിയത് ആട്ടവിശേഷ വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ വെളുത്ത ഏകാദശി നാളിലാണെന്നാണ് വിശ്വാസം. ലക്ഷ്മീദേവിയുടെ 18 ദിവ്യചൈതന്യ രൂപങ്ങളെ സ്വാംശീകരിക്കുന്ന അനുഷ്ഠാനമാണ് ഏകാദശി ഉദയാസ്തമയ പൂജ. ഗുരുവായൂരപ്പന് ഏറ്റവും പ്രിയങ്കരമായ പൂജാവിധിയാണിത്. ഏകാദശി ഉദയാസ്തമയ പൂജയ്‌ക്ക് പകരമായി, തുലാമാസത്തിലെ ഏകാദശി ദിനമായ നവം. 12ന് ഉദയാസ്തമയ പൂജ നടത്താനുള്ള ദേവസ്വം തീരുമാനം ആചാര ലംഘനമാണെന്നും ഭക്തര്‍ ആരോപിച്ചു. തീരുമാനം പുനഃപരിശോധിച്ച് പഴയപടി തന്നെ തുടരണമെന്നാണ് ചേന്നാസ് മനയിലെ ഒന്‍പത് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ച് ആവശ്യപ്പെട്ടത്. മുഖ്യതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദേവസ്വം തീരുമാനത്തിനൊപ്പമാണ്. ക്ഷേത്രത്തില്‍ വളരെ തിരക്ക് അനുഭവപ്പെടുന്ന ഏകാദശി ദിവസം ഉദയാസ്തമയ പൂജയ്‌ക്കായി കൂടുതല്‍ പ്രാവശ്യം നട അടയ്‌ക്കേണ്ടി വരുന്നത് ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം പൂജ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ദശമി ദിവസം രാത്രി മുതല്‍ ദ്വാദശി വരെ നട തുറന്നിരിക്കുന്നതിനാല്‍ ഉദയാസ്തമയ പൂജയ്‌ക്കായി ഇടയ്‌ക്ക് നട അടയ്‌ക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല ശങ്കരാചാര്യരുടെ കാലം മുതല്‍ ഗുരുവായൂരില്‍ ഏകാദശി ദിവസം ഉദയാസ്തമയ പൂജ പതിവുണ്ട്. അതുപേക്ഷിക്കുന്നത് ആചാര ലംഘനമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: