Kerala

എന്‍സിപി കോഴക്കേസ് തള്ളി കോവൂര്‍ കുഞ്ഞുമോന്‍, മറ്റൊരു പാര്‍ട്ടിയുടെ കമ്മിഷനോട് സഹകരിക്കില്ലെന്ന് ആന്റണി രാജു

Published by

തിരുവനന്തപുരം: എന്‍സിപി കോഴക്കേസില്‍ ആന്റണി രാജുവിനെ തള്ളി കോവൂര്‍ കുഞ്ഞുമോന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍സിപി നിയോഗിച്ച കമ്മിഷനിലാണ് കുഞ്ഞുമോന്‍ കൂറുമാറ്റ കോഴ വ്യാജമാണെന്ന് മൊഴി നല്‍കിയത്.
എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്ത് കൂറു മാറ്റാന്‍ തോമസ് കെ തോമസ് ശ്രമിച്ചു എന്ന പരാതിയിലാണ് കമ്മിഷന്‍ അന്വേഷിക്കുന്നത്. അതേസമയം മറ്റൊരു പാര്‍ട്ടിയുടെ കമ്മീഷനോട് സഹകരിക്കില്ലെന്ന ന്യായം പറഞ്ഞ് ആന്റണി രാജു മൊഴി നല്‍കയില്ല. എല്‍ഡിഎഫ് എംഎല്‍എമാരാണ് കൂറുമാറ്റക്കോഴയില്‍ കക്ഷികളായ ആന്റണി രാജുവും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസും. മൂവരും വ്യത്യസ്ത പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ . എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ദേശീയ നേതൃത്വവും തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന താല്പര്യത്തിലാണ് . എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം മുതല്‍ ഇതിനോട് വിയോജിക്കുകയാണ് ചെയ്തത്. തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ കെട്ടിച്ചമച്ചതാണ് കോഴക്കേസ് എന്നാണ് എന്‍സിപിയുടെ വാദം. ഒരു പ്രമുഖ പത്രത്തിന്റെ സഹായത്തോടെ ആന്റണി രാജു കോഴക്കഥ പുറത്തുവിടുകയും അതിന്റെ പേരില്‍ തോമസ് കെ തോമസിന്‌റെ മന്ത്രി സ്ഥാനം മുടക്കുകയും ചെയ്തു.
കോഴ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. തുടര്‍ന്ന് സ്വന്തം നിലയില്‍ കമ്മിഷനെ വയ്‌ക്കുകയായിരുന്നു എന്‍സിപി . പി എം സുരേഷ് ബാബു, കെ ആര്‍ രാജന്‍, ജോബ് കാട്ടൂര്‍, ലതിക സുഭാഷ് എന്നിവരാണ് എന്‍സിപി നിയോഗിച്ച കമ്മിഷനിലെ അംഗങ്ങള്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക