Kerala

വയനാട്ടില്‍ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം

Published by

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തുവെന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി കുറിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതേസമയം നിര്‍മാണ്‍ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സംസ്ഥാന ഭക്ഷ്യകമ്മീഷനു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തില്‍ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും പരിശോധനയ്‌ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് നിര്‍ദേശം നല്‍കിയതായും എ ഡി എം ഭക്ഷ്യകമ്മീഷനെ അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക