ന്യൂദല്‍ഹി: വഖഫ് ബോര്‍ഡിനെതിരെ കഴിഞ്ഞ ദിവസം സംയുക്ത പാര്‍ലമെന്‍ററി സമിതിയ്‌ക്ക് മുന്‍പാകെ ആഞ്ഞടിച്ചതോടെ ശ്രദ്ധേയയായിരിക്കുകയാണ് മുസ്ലിം വനിതയായ ശാലിനി അലി. മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്റെ അധ്യക്ഷയായ ശാലിനി നായര്‍ മുസ്ലിം രാഷ്‌ട്രീയ മഞ്ചിന്റെ കൂടി നേതാവാണ്.
ഇന്ത്യയില്‍ ഈയിടെ കൂടിക്കൂടി വരുന്ന ഹിജാബ് സമരങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന മുസ്ലിം വനിതയാണ് ശാലിനി അലി. ഹിജാബ് സമരം വെറും രാഷ്‌ട്രീയമായ കുത്തിപ്പൊക്കലാണെന്നാണ് ശാലിനി അലിയുടെ വാദം. അത് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരിയ്‌ക്കലും ഗുണം ചെയ്യുന്നില്ലെന്നും ശാലിനി അലി പറയുന്നു. മുസ്ലിം വനിതകളുടെ സാമൂഹിക ഉന്നമനത്തിനും അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനും പരിശ്രമിക്കുന്ന നേതാവ് കൂടിയാണ് ശാലിനി ആലി. ഇവര്‍ സ്വന്തമായി സ്ഥാപിച്ചിട്ടുള്ള രണ്ട് എന്‍ജിഒകള്‍ ഈ ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.
“വിദ്യാഭ്യാസത്തിനും അച്ചടക്കത്തിനും വേണ്ടിയാണ് വിദ്യാര്‍ത്ഥികളെ സ്കൂളില്‍ അയക്കുന്നത്. ഇപ്പോള്‍ എന്താണ് ഇവിടെ നടക്കുന്നത്? മുന്‍പ് ഹിജാബ് ധരിക്കാത്ത പെണ്‍കുട്ടികള്‍ പോലും ഹിജാബ് ധരിക്കാന്‍ മുന്നോട്ട് വരുന്നു. ഹിജാബിന് വേണ്ടിയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നു. ഇവിടെ സമരങ്ങളിലൂടെ കടന്നുപോവുക വഴി കുട്ടികളുടെ മനസ്സമാധാനമാണ് തകര്‍ക്കപ്പെടുന്നത്. പിന്നീട് അവര്‍ക്ക് ശരിയായ രീതിയില്‍ പഠിക്കാന്‍ സാധിക്കുമോ?” – ശാലിനി അലി ചോദിക്കുന്നു.
ഇന്ത്യയ്‌ക്ക് വേണ്ടത് “ഗംഗായമുനാ സംസ്കാരം
ഇന്ത്യയ്‌ക്ക് വിശാലമായ ഒരു സംസ്കാരമുണ്ടെന്നും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ് ആ സംസ്കാരമെന്നും ശാലിനി അലി പറയുന്നു. ഭാരതത്തിന്റെത് വിശാലമായ സംസ്കാരമാണ്. ജെഎന്‍യു ആയാലും ജാമിയ മിലിയ സര്‍വ്വകലാശാലയായാലും കശ്മീര്‍ യൂണിവേഴ്സിറ്റിയായാലും ഇവിടെയെല്ലാം എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പഠിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സ്കൂളില്‍ പോകുന്ന മുസ്ലിം വിദ്യാര്‍ത്ഥിനികളെ ബ്രെയിന്‍ വാഷ് ചെയ്ത്, മഹത്തായ ഈ സംസ്കാരത്തിനെതിരെ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഹിജാബ് സമരങ്ങള്‍ വലിയ രാഷ്‌ട്രീയ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും ശാലിനി അലി പറയുന്നു. ഇന്ത്യയിലെ ഹൈന്ദവ സംസ്കാരം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സംസ്കാരമാണ്. അതിനാല്‍ ഇവിടെ വേണ്ടത് ആ പഴയ ഗംഗായമുനാ സംസ്കാരമാണെന്നുമാണ് ശാലിനി അലിയുടെ അഭിപ്രായം.
ഹിജാബിനെ ഇനിയും ഒരു പ്രശ്നമായി ഉയര്‍ത്താന്‍ അനുവദിച്ചുകൂടാ. ഖുറാന്‍ എന്നത് തീവ്രവാദത്തിനല്ല ഉപയോഗിക്കേണ്ടത്. ഖുറാനില്‍ ഇക്രയെക്കുറിച്ച് പറയുന്നു. ഇക്ര എന്നാല്‍ വിദ്യാഭ്യാസം. അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഞാന്‍ ഒരു സാമൂഹ്യപ്രവര്‍ത്തകയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ഇടയിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നിട്ടുണ്ട്. തനി ദരിദ്രരായ മുസ്ലിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും ഹിജാബ് ഒരു പ്രശ്നമേയല്ല. അവര്‍ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചോ അല്‍ ഖ്വെയ് ദയെക്കുറിച്ചോ ചിന്തിക്കുന്നില്ല. യുവാക്കളെ ഖുറാന്‍ ഉപയോഗിച്ച് ചിലര്‍ തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്നു.
ഒരു തീവ്രവാദ ഗ്രൂപ്പും ഇന്ത്യയില്‍ വന്ന് ഇന്ത്യയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകരുതെന്ന് ശാലിനി ആലി. സ്ത്രീകള്‍, മുസ്ലീമായാലും ഹിന്ദുവായാലും സിഖായാലും, ഇന്ത്യ എന്ന പുരോഗമനമുള്ള ഒരു രാജ്യത്ത് ജീവിക്കുന്നവരാണ്. അല്‍ ഖ്വെയ്ദ് ഒരു തീവ്രവാദഗ്രൂപ്പാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നതാണ് ശാലിനി അലിയുടെ അഭിപ്രായം.
ഇസ്ലാമില്‍ നടക്കുന്ന കരാര്‍ വിവാഹങ്ങള്‍ക്കെതിരെയും ബഹുഭാര്യാത്വത്തിനെതിരെയും ശാലിനി അലി നേരത്തെ പോരാടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക