പനാജി : വ്യോമവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പ്രവർത്തന മികവിന് സാക്ഷിയായി രാഷ്‌ട്രപതി ദ്രൗപതി മുർമു. ഗോവയിലെ നാവിക എയർ സ്റ്റേഷനായ ഐഎൻഎസ് ഹൻസയിൽ എത്തിയ രാഷ്‌ട്രപതിയെ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വെസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് ജെ സിംഗ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
രാഷ്‌ട്രപതിയുടെ വരവിനെ തുടർന്ന് 150 പേരടങ്ങുന്ന ആചാരപരമായ ‘ഗാർഡ് ഓഫ് ഓണർ’ പരേഡും സംഘടിപ്പിച്ചിരുന്നു. തുടർന്ന് സൈനിക ഉദ്യോഗസ്ഥരോടൊപ്പം നാവികസേനയുടെ 15 മുൻനിര യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും ഒപ്പം പ്രവർത്തിക്കുന്ന തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ രാഷ്‌ട്രപതി സന്ദർശനം നടത്തി.
ഇത് രാഷ്‌ട്രപതി മുർമുവിന്റെ കടലിലെ ഇന്ത്യൻ നാവികസേനയുടെ ആദ്യ കപ്പൽ സന്ദർശനമായിരുന്നുവെന്ന് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി പറഞ്ഞു. തുടർന്ന് നാവികസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആശയത്തെക്കുറിച്ചും രാഷ്‌ട്രപതിക്ക് വിശദീകരിച്ചുകൊടുത്തു.
അതിനുശേഷം ഡെക്ക് അധിഷ്‌ഠിത ഫൈറ്റർ ടേക്ക് ഓഫുകളും ലാൻഡിംഗുകളും, ഒരു യുദ്ധക്കപ്പലിൽ നിന്നുള്ള മിസൈൽ ഫയറിംഗ് അഭ്യാസങ്ങൾ, അന്തർവാഹിനി പ്രവർത്തനങ്ങൾ, 30-ലധികം വിമാനങ്ങളുടെ ഫ്ലൈപാസ്റ്റുകൾ, പരമ്പരാഗത യുദ്ധക്കപ്പലുകളുടെ സ്റ്റീം-പാസ്റ്റ് എന്നിവയുൾപ്പെടെ നിരവധി നാവിക പ്രവർത്തനങ്ങൾ രാഷ്‌ട്രപതിക്ക് മുന്നിൽ അവതരിപ്പിച്ചുവെന്ന് അഡ്മിറൽ പറഞ്ഞു.
പിന്നീട് ഉച്ചഭക്ഷണ വേളയിൽ ഐഎൻഎസ് വിക്രാന്തിന്റെ ജീവനക്കാരുമായി രാഷ്‌ട്രപതി ആശയവിനിമയം നടത്തിയെന്നും അഡ്മിറൽ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: