World

ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്ത ഭാരത സൈനികരെ കേംബ്രിഡ്ജില്‍ അനുസ്മരിക്കുന്നു

Published by

കേംബ്രിഡ്ജ്: ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിലെ ഭാരതത്തിന്റെ സുപ്രധാന സംഭാവനയ്‌ക്ക് ബ്രിട്ടന്റെ ആദരം. വീരമൃത്യു വരിച്ചവരും നിര്‍ണായക പങ്കുവഹിച്ചവരുമായ ഭാരത സൈനികരുടെ ത്യാഗത്തെയും സംഭാവനയേയും ആദരിക്കുന്ന പ്രത്യേക അനുസ്മരണ പരിപാടി കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ സംഘടിപ്പിക്കുന്നു.

കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല മുന്‍കൈ എടുത്താണ് പരിപാടി നടത്തുന്നത്. നാളെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ ചടങ്ങുകള്‍ നീളും. കിങ്‌സ് പരേഡിലെ ഗ്രേറ്റ് സെന്റ്‌മേരീസ് ചര്‍ച്ചില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കു വേണ്ടി പ്രാര്‍ത്ഥനാ ശുശ്രൂഷയും സര്‍വമത പ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് ഗില്‍ഡ്ഹാളില്‍ സ്വീകരണ സമ്മേളനം.
ഒന്നാം ലോകമഹായുദ്ധത്തില്‍ ഏകദേശം 1.5 ദശലക്ഷം ഭാരത സൈനികര്‍ പോരാടി, 62,000 പേര്‍ ജീവന്‍ വെടിയുകയും 67,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തില്‍ 2.6 ദശലക്ഷത്തിലധികം സൈനികര്‍ നിര്‍ണായക പങ്കുവഹിച്ചു.

ലോകമെമ്പാടുമുള്ള പ്രധാന യുദ്ധമേഖലകളിലേക്ക് ഭാരത സേനയെ അയച്ചു. 67,000 ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലോക മഹായുദ്ധങ്ങളിലെ ഭാരത സൈനികരുടെ അവഗണിക്കപ്പെട്ടു പോയ സംഭാവനകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും യുകെയിലെ പ്രവാസികളില്‍ സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനം വളര്‍ത്താനും ഈ പരിപാടി ലക്ഷ്യമിടുന്നതായി കേംബ്രിഡ്ജ് മേയര്‍ പറഞ്ഞു.

കേംബ്രിഡ്ജ് ഷയറിലെ ലോര്‍ഡ് ലെഫ്റ്റനന്റ്, കാബിനറ്റ് മന്ത്രിമാര്‍, വിദേശകാര്യ സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, ഭാരതം, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക രാജ്യങ്ങളുടെ ഹൈക്കമ്മിഷണര്‍മാര്‍, കാന്റര്‍ബറി ആര്‍ച്ചുബിഷപ്പ്, ഈസ്റ്റ് ആംഗ്ലിയന്‍ ബിഷപ്പ്, ജഡ്ജസ്, ലണ്ടന്‍ മേയര്‍, വിവിധ രാഷ്‌ട്രീയ, മത സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ
ങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക