കൊച്ചി: ജൂനിയര്‍ വിഭാഗത്തില്‍ നിന്നും സീനിയറിലേക്ക് മത്സരയിനം മാറിയപ്പോഴും നടത്തത്തില്‍ ഗീതുവിനുള്ള സ്വര്‍ണ പങ്ക് വഴിമാറിപോയില്ല. ഇന്നലെ മഹാരാജാസിലെ ട്രാക്കുകള്‍ പറഞ്ഞത് ഗീതു നടന്നാല്‍ മാത്രം മതി സ്വര്‍ണം കൂടപ്പോരും എന്നാണ്. മലപ്പുറം ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഗീതുവിന് 3000 മീറ്റര്‍ നടത്തത്തില്‍ മൂന്നാമത്തെ സ്വര്‍ണമാണ് ഇന്നലെ നേടിയത്. കഴിഞ്ഞ രണ്ട് വര്‍ഷവും ജൂനിയര്‍ വിഭാഗത്തില്‍ നേടിയ സ്വര്‍ണം ഇത്തവണ സീനിയര്‍ വിഭാഗത്തിലും ഗീതു സ്വന്തമാക്കി.
ട്രാക്കിലെ സ്വര്‍ണത്തിളക്കം പോലെ നിറമുള്ളതല്ല ഗീതുവിന്റെ ജീവിതത്തിലെ നടത്തം. കയറിക്കിടക്കാന്‍ നല്ലൊരു വീടെന്നത് ഇപ്പോഴും സ്വപ്നം മാത്രം. കഴിഞ്ഞ വര്‍ഷം ഗീതുവിന്റെ കഥയറിഞ്ഞ് സഹയമെത്തിക്കുമെന്ന് പലരും അറിയിച്ചെങ്കിലും അവയെല്ലാം വെറുംവാക്കായി ഇപ്പോഴും തുടരുന്നു.
ഒരു അപകടത്തെ തുടര്‍ന്ന് കിടപ്പിലാണ് ഗീതുവിന്റെ അച്ഛന് ചന്ദ്രന്. ചികിത്സയുടെ ഭാഗമായി ഇടുപ്പെല്ലില്‍ ശ്രസ്ത്രകിയവേണ്ട അവസ്ഥയിലാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ഇതുവരെ ശസ്ത്രക്രിയ നടത്താന്‍ സാധിച്ചിട്ടില്ല. ഇത് നടന്നാല്‍ പണിയെടുത്ത് കുടുംബം നോക്കാന്‍ കഴിയുമെന്ന പ്രതിക്ഷയിലാണ് ഈ പിതാവ്. അമ്മ രജനി കുടുംബശ്രീ നടത്തുന്ന ഹോട്ടലിലെ ജീവനക്കാരിയാണ്. ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.
ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരത്ത് 17 മിനുട്ടില്‍ നേടിയ സ്വര്‍ണം, തൃശൂരില്‍ 16.44 മി നുട്ടില്‍ കരസ്ഥമാക്കിയ ഗീതു ഇത്തവണ 16.24.69 മിനിറ്റിലാണ് സ്വര്‍ണ നേട്ടം കുറിച്ചത്. കായിക അധ്യാപകനായ റിയാസ് ആലത്തിയൂരാണ് മൂന്നാം തവണയും ഗീതുവിന്റെ സ്വര്‍ണക്കുതിപ്പിനു കരുത്തുപകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: