തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ നടത്തുന്നു. ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതുകൂടാതെ എഎംആര്‍ അവബോധം താഴെത്തട്ടില്‍ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലയിലെ 2 ലക്ഷത്തിലധികം വീടുകളില്‍ എഎംആര്‍ ബോധവല്‍ക്കരണം പൂര്‍ത്തിയാക്കി.
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഈ ബോധവത്ക്കരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: