മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അപസ്മാര രോഗിയെ മര്‍ദിച്ച സംഭവത്തില്‍ വിവരം മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നാരോപിച്ച് ആശുപത്രി ജീവനക്കാരനെതിരെ നടപടി. ആശുപത്രി സീനിയര്‍ സാര്‍ജന്റ് പ്രവീണ്‍ രവിയെയാണ് സ്ഥലംമാറ്റിയത്.
പ്രവീണിനെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറ്റി ഡിഎംഇ ഉത്തരവിറക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 5നാണ് ഉത്തരവ് വന്നത്. ഭരണസൗകര്യാര്‍ത്ഥമാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ സാര്‍ജന്റ് തസ്തിക വന്നിട്ടില്ല. നിലവിലുള്ള അസ്സിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തിക പോലും നികത്താതെയാണ് തസ്തിക ഇല്ലാത്ത മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറ്റമെന്നാണ് പറയുന്നത്.
പേരൂര്‍ക്കട സ്വദേശി ശ്രീകുമാറിനെ മര്‍ദിച്ച സംഭവത്തില്‍ വീഡിയോ എടുത്തുവെന്നാരോപിച്ച് പ്രവീണിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംഭവസമയത്ത് സഹപ്രവര്‍ത്തകര്‍ക്ക് സഹായമായി നില്‍ക്കാതെ പ്രവീണ്‍ മാറി നിന്ന് അക്രമം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, അക്രമം തടയുന്നതിന് വേണ്ട യാതൊരു നടപടിയും പ്രവീണിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല തുടങ്ങി ആശുപത്രി വകുപ്പുതല അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്ഥലംമാറ്റം ഉണ്ടായതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കഴിഞ്ഞ മേയ് 16 നാണ് സംഭവം. അപസ്മാരരോഗം മൂര്‍ശ്ചിച്ചതിനെ തുടര്‍ന്നാണ് പേരൂര്‍ക്കട ആശുപത്രിയില്‍ നിന്ന് ശ്രീകുമാറിനെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ആംബുലന്‍സില്‍ എത്തിക്കുന്നത്. ഇവിടെവച്ച് ശ്രീകുമാര്‍ മാനസികാസ്വാസ്ഥ്യം കാണിച്ചിരുന്നതായിട്ടാണ് പറയുന്നത്. തുടര്‍ന്ന് ശ്രീകുമാറിനെ സെക്യൂരിറ്റി ഓഫീസില്‍ കൊണ്ടുപോയി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മര്‍ദിച്ച ജുറേജിന് സഹായിയായി എത്തിയ സാര്‍ജന്റ് സുരേഷ് ഗോവിന്ദ്, ട്രാഫിക് വാര്ഡന് മഹേഷ് എന്നിവരും രോഗിയെ മര്‍ദിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.
മാത്രവുമല്ല സെക്യൂരിറ്റി ഓഫീസറും എയ്ഡ്പോസ്റ്റ് ഡ്യൂട്ടി പോലീസുകാരനും അക്രമം തടയാന്‍ ശ്രമിക്കാതെ നോക്കിയിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ജൂണ്‍ 6ന് മര്‍ദനത്തിനിരയായ ശ്രീകുമാറിന്റെ മൊബൈലില്‍ നിന്നാണ് വീഡിയോ പ്രചരിച്ചത്. ജൂലൈ 7ന് ശ്രീകുമാര്‍ തോട്ടില്‍ മുങ്ങിമരിച്ചു. ഇതോടെ പ്രചരിച്ച വീഡിയോയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ വകുപ്പുതല സമിതിയുടെ കണ്ടെത്തലില്‍ ദുരൂഹതയേറുകയാണ്. മാത്രവുമല്ല അക്രമം തടയേണ്ട ചുമതലപ്പെട്ട വ്യക്തി സെക്യൂരിറ്റി ഓഫീസറാണെന്നും ചൂണ്ടിക്കാണിക്കപ്പെടുകയാണ്. ഇപ്പോള്‍ പ്രവീണിനൊപ്പം എ. വിജയനെ കോന്നിയിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റത്തില്‍ മുന്‍ഗണനാക്രമം പാലിച്ചിട്ടില്ലെന്നും ആക്ഷേപമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: