കിളിമാനൂര്‍: പോലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തെന്നാരോപിച്ച് നിര്‍ധനായ പട്ടികജാതിക്കാരനെ പോലീസ് ജാതി വിളിച്ച് ആക്ഷേപിച്ച് സ്റ്റേഷനില്‍ പിടിച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി.
നഗരൂര്‍ ദര്‍ശനാവട്ടം ചെക്കാലക്കോണം വാറുവിള വീട്ടില്‍ സുരേഷ് (45) നെയാണ് നഗരൂര്‍ പോലീസ് ക്രൂരമായി മര്‍ദിച്ചത്. ഇതുസംബന്ധിച്ച് സുരേഷ് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്കി. പോലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷ് ആറ്റിങ്ങല്‍ വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശവസംസ്ക്കാര തൊഴിലാളിയായ കുറവ സമുദായത്തില്‍പെട്ട സുരേഷ് കഴിഞ്ഞ ദീപാവലി ദിവസം ജോലി കഴിഞ്ഞ് നഗരൂര്‍ പോലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോള്‍ പോലീസ് സ്റ്റേഷന് ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കണ്ടു. ഇതിന്റെ ഭംഗി കണ്ട് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി. ഇതുകണ്ട സ്റ്റേഷനിലെ ഒരു പോലീസുകാരന് പുറത്തിറങ്ങി വന്ന് വീഡിയോ പകര്‍ത്തിയത് എന്തിനെന്ന് ചോദിക്കുകയും കൂടെ മറ്റൊരു പോലീസുകാരന് കൂടി വന്ന് സ്റ്റേഷനില്‍ പിടിച്ചു കൊണ്ടു പോയി ജാതി പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ ബോധം നഷ്ടപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് വിവരം വീട്ടിലറിയിച്ചത്. തുടര്‍ന്ന് ഭാര്യ വന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
ജോലിക്ക് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് വലിയകുന്ന് ആശുപത്രിയിലും ചികിത്സ തേടുകയാണ്. മര്‍ദനത്തെ തുടര്‍ന്ന് ശരീരത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയടക്കം ഉന്നതര്‍ക്ക് പരാതി നല്‍കുമെന്ന് സുരേഷ് പറഞ്ഞു. പട്ടികജാതിക്കാരനായ നിര്‍ധനനെ ക്രൂരമായി മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ പോങ്ങനാട് ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും പ്രവീണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: