Article

കുടിയിറക്ക് ഭീഷണിയില്‍ കേരളം

Published by

സംസ്ഥാനത്തെ ജനങ്ങള്‍ തീരദേശത്തും ഇടനാടിലും ഹൈറേഞ്ചിലും തങ്ങളുടെ വീടും പറമ്പും സംരക്ഷിച്ചെടുക്കാനുള്ള ഓട്ടത്തിലാണ്. സംസ്ഥാനമാകെ സമര പരിപാടികള്‍, കള്ളക്കേസുകള്‍, പോലീസ് നടപടികള്‍, കുടിയിറക്ക് ഭീഷണി. ഒടുവിലിതാ ജനങ്ങളുടെ വീടുകള്‍ക്കും സ്ഥലത്തിനും നേരെ വഖഫ് അവകാശം സ്ഥാപിക്കല്‍ എന്ന വലിയ ആശങ്ക ഉടലെടുത്തിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിലകൊടുത്ത് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു വാങ്ങിയ ഭൂമിയിലാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍. ചെറായി, മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തുക്കളില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതാണ് ഇന്ന് കേരളം ചര്‍ച്ച ചെയുന്നത്. എറണാകുളം വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയില്‍ 1989 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുള്‍പ്പെട്ട 600ല്‍പ്പരം കുടുംബങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിനാണ് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

74 വര്‍ഷം മുന്‍പ് സിദ്ദിഖ് സേഠ് എന്നയാള്‍ കോഴിക്കോട് ഫറൂഖ് കോളജിന് ദാനമായി നല്കിയതാണ് ഭൂമി. എന്നാല്‍ കോളജ് അധികൃതര്‍ ഈ ഭൂമി ഒന്നിനുവേണ്ടിയും ഉപയോഗിച്ചില്ല. തുടര്‍ന്ന് 1989 മുതല്‍ പലപ്പോഴായി ഭൂമി പലര്‍ക്കായി അധികൃതര്‍ വില്പന നടത്തി. എന്നാല്‍ ഭൂമിയുടെ അവകാശം വഖഫില്‍ തന്നെ നിക്ഷിപ്തമാണെന്നും, എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വതന്ത്ര ഭാരതത്തിലെ കോടതികളില്‍ പരിഹാരം ലഭിക്കില്ലെന്നും അതിനായി ഒരു മതത്തിന്റെ സ്ഥാപനമായ വഖഫ് ബോര്‍ഡ് മുഖേനയേ പരിഹാരം സാധ്യമാകൂ എന്നതാണ് ഇന്ന് ജനങ്ങളെ അലട്ടുന്ന പ്രശ്‌നമായി മാറിയിരിക്കുന്നത്.

കേരളത്തിലെ ഏതെല്ലാം ഭൂമികളില്‍ വഖഫ് അവകാശം ഉണ്ട് എന്നുപോലും കേരള സര്‍ക്കാരിനോ, ജനങ്ങള്‍ക്കോ അറിയില്ല എന്നത് പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ സംസ്ഥാനത്തെ ഏത് ഭൂമിയില്‍ വഖഫ് അവകാശം ഉന്നയിക്കും എന്ന ആശങ്കയിലാണ് ജനം.

വഖഫ് നിയമങ്ങളിലെ അപാകതകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലിനെ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ചേര്‍ന്ന ഇന്‍ഡി മുന്നണി എതിര്‍ക്കുകയാണ്. ഇന്നത് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി പരിഗണനയിലാണ്. അതേസമയം കേരളത്തില്‍ ഈ ബില്ലിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തു. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കൈവിട്ടതുകൊണ്ട് തന്നെ ജനങ്ങള്‍ ആശങ്കയിലുമായി. ഇതിനിടെ കെ-റെയില്‍ പദ്ധതിക്ക് ജീവന്‍ വച്ചതിനാ
ല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ മഞ്ഞകല്ലുമായി കേരള സര്‍ക്കാര്‍ വരുന്നു. എപ്പോള്‍ വേണമെങ്കിലും സ്ഥലം ഏറ്റെടുക്കാവുന്ന അവസ്ഥ. അങ്ങനെ ഇടനാടില്‍ വഖഫും കെ-റെയിലും ജനങ്ങളുടെ ഭൂമിക്കും സ്വത്തിനും ഭീക്ഷണി ഉയര്‍ത്തിയിരിക്കുന്നു. അതോടെ ഭൂമികള്‍ വില്ക്കുന്നതിനോ വായ്പ എടുക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയായി.

തീരപ്രദേശം സി ആര്‍ ഇസഡ് നിയമം കാരണവും, തീര സംരക്ഷണ ഭിത്തി പൂര്‍ത്തിയാകാത്തതിനാലും ഭൂമിയും വീടുകളും എപ്പോള്‍ വേണമെങ്കിലും കടലെടുക്കാവുന്ന അവസ്ഥയിലാണ് .കേരളത്തിലെ ഹൈറേഞ്ചുകളില്‍ ബഫര്‍ സോണ്‍ പ്രശ്‌നം, പരിസ്ഥിതി ദുര്‍ബല പ്രദേശം, വന്യജീവി ആക്രമണം, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ എന്നിവയുടെ പേരില്‍ ഏറെക്കാലമായി ഭൂമിക്കും സ്വത്തിനും ഒരു ഉറപ്പുമില്ലാത്ത അവസ്ഥയിലാണ്. എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാവുന്ന അവസ്ഥ. ഇവിടെ നാം മനസിലാക്കേണ്ട വസ്തുത ഈ പ്രശ്‌നങ്ങളിലെല്ലാം യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികള്‍ ഇക്കാലമത്രയും കേരളത്തിലെ ജനങ്ങളെ വഖഫ് പ്രശ്‌നം പോലെ പറഞ്ഞു പറ്റിക്കുകയാണ് എന്നതാണ്. ഇപ്പൊ ശരിയാക്കും എന്നു പറഞ്ഞു ഒന്നിനും തീര്‍പ്പാക്കാതെ ഇരക്കൊപ്പം എന്ന പ്രതീതി വരുത്തി വേട്ടക്കാരനെ സഹായിക്കുന്ന നിലപാടിലാണ് എന്നതാണ്. നിയമസഭയില്‍ വഖഫ് നിയമ ഭേദഗതി വേണ്ട എന്നു പ്രമേയം പാസാക്കി യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികള്‍ ജനവിരുദ്ധ നിലപാടുകള്‍ മറച്ചുവെച്ച്് വയനാടും, ചേലക്കരയും, പാലക്കാടും വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ഇതാണ് കാപട്യത്തിന്റെ മറ്റൊരു മുഖം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക