ന്യൂദല്‍ഹി: സിദ്ധാര്‍ത്ഥ ഗൗതമന്റെ ജ്ഞാനോദയം സമാനതകളില്ലാത്ത സംഭവമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ആചാര്യന്മാരുടെയും ദര്‍ശകരുടെയും മഹായോഗികളുടെയും മണ്ണാണ് ഭാരതമെന്നും അതുല്യരായ ഈ മാര്‍ഗദര്‍ശികളില്‍ ശ്രീബുദ്ധന്റെ സ്ഥാനം ഏറെ പ്രധാനമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
അന്താരാഷ്‌ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ (ഐബിസി) സഹകരണത്തോടെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച പ്രഥമ ഏഷ്യന്‍ ബുദ്ധ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു ദ്രൗപദി മുര്‍മു.
സമാധാനത്തിന്റെ വഴിയാണ് ബുദ്ധന്‍ പറഞ്ഞത്. എല്ലാ ഭാരതീയ ദര്‍ശകരും മനുഷ്യരാശിയുടെ സുഖവും സമാധാനവും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചത്. സമ്പന്നമായ ഉള്‍ക്കാഴ്ചകള്‍ നേടിയ ബുദ്ധന്‍ ബഹുജനങ്ങളുടെ സുഖവും ഹിതവും കാംക്ഷിച്ചുകൊണ്ട് സമാജത്തിന് അവ പങ്കിട്ടു.
പലമേഖലകളിലും ലോകം അസ്തിത്വ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇക്കാലത്ത് ബുദ്ധതത്വങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സങ്കുചിത വിഭാഗീയതയെ എങ്ങനെ പ്രതിരോധിക്കാമെന്ന് ബൗദ്ധപാഠങ്ങള്‍ ലോകത്തിന് പകരുന്നു. കരുണ എന്ന ഒറ്റവാക്കില്‍ ആ ദര്‍ശനം അടയാളപ്പെടുത്തുന്നു. സമാധാനത്തിലും അഹിംസയിലും അത് കേന്ദ്രീകരിക്കുന്നു. ഇന്നത്തെ ലോകം ആഗ്രഹിക്കുന്നത് അതാണ്. ബുദ്ധചിന്തകളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പാലിക്ക് ശ്രേഷ്ഠഭാഷാ പദവി നല്കിയത് ശ്ലാഘനീയമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: