മലയിന്‍കീഴ്: രക്താര്‍ബുദത്തെ അതിജീവിക്കാന്‍ പതിനഞ്ചുകാരി പവിത്രദേവിനു മജ്ജ മാറ്റിവയ്ക്കണം. മുപ്പതുലക്ഷത്തോളം രൂപ ചെലവുവരുന്ന ചികിത്സയ്ക്കു വഴികാണാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ ഊറ്റുകുഴി ഇടമല ശാരദാ ഭവനില്‍ ബിന്ദുലേഖയുടെ രണ്ടു പെണ്മക്കളില് ഇളയ മകളാണ് പൂജപ്പുര മന്ദിരം എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പവിത്ര. ബിന്ദുലേഖയുടെ ഭര്‍ത്താവ് വാസുദേവന്‍ 2021ല്‍ അര്‍ബുദം ബാധിച്ചു മരിച്ചിരുന്നു. ഇപ്പോള്‍ മൂത്തമകള്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ പാര്വതിദേവിനും വാസുദേവന്റെ അമ്മ ശാരദയോടുമൊപ്പമാണ് ഇവരുടെ താമസം. പാര്‍വതിക്ക് നഴ്സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ പൊതുപരീക്ഷയിലൂടെ അഡ്മിഷന് ലഭിച്ചില്ല. സ്വാശ്രയ സ്ഥാപനത്തില്‍ പഠിക്കാന്‍ സാമ്പത്തികവുമില്ല.
ലൈഫ് പദ്ധതിയില്‍ ലഭിച്ച മൂന്ന് സെന്റിലെ വീട്ടിലാണ് നാലംഗ കുടുംബം കഴിയുന്നത്. കഴിഞ്ഞ വര്‍ഷമാണ് പവിത്രയ്ക്കു രക്താര്‍ബുദം സ്ഥിരീകരിച്ചത്. ആര്‍സിസിയിലെ ചികിത്സയില്‍ രോഗം ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് സ്കൂളില്‍ പോയി തുടങ്ങിയപ്പോള്‍ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പരിശോധനയില്‍ രോഗം മൂര്‍ച്ഛിച്ചതായും മജ്ജ മാറ്റിവയ്ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ദിവസേനയുള്ള ചികിത്സയ്ക്കുപോലും മറ്റുള്ളവരുടെ സഹായത്തിനായി കൈനീട്ടുന്ന കുടുംബത്തിനു മുന്നില്‍ 30 ലക്ഷം രൂപ സ്വരൂപിക്കാന്‍ വഴികളൊന്നുമില്ല. സുമനസ്സുകളുടെ സഹായത്തിനായി അപേക്ഷിക്കുകയാണ് കുടുംബം. എസ്ബിഐയുടെ പേയാട് ശാഖയില്‍ അമ്മ ബിന്ദുലേഖയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
നമ്പര്‍: 20201322691, ഐഎഫ്എസ്സി SBIN0013221, ഗൂഗിള്‍പേ 9656248712. ഫോണ്‍ 9656248712.
പ്രതികരിക്കാൻ ഇവിടെ എഴുതുക: