കോഴിക്കോട്: ചിന്തയും നിരീക്ഷണങ്ങളും കലാപരിപാടികളുമായി ജന്മഭൂമിയുടെ സുവര്‍ണ ജയന്തി ആഘോഷവര്ഷത്തിന്റെ ഉദ്ഘാടന ഉത്സവ പരിപാടികള്‍ മൂന്നാം ദിവസത്തേക്ക്. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന സ്വ വിജ്ഞാനോത്സവത്തിന്റെ മഹാ പ്രദര്‍ശനത്തില്‍ പ്രവൃത്തി ദിവസമായ ഇന്നലെയും സന്ദര്‍ശകരുടെ വന്‍ തിരക്കായിരുന്നു. നവം. 7 വരെയാണ് പ്രദര്‍ശനവും പരിപാടികളും.
ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പങ്കെടുത്ത സംവാദത്തില്‍ സാമാന്യ ജനങ്ങളെ സംബന്ധിക്കുന്ന പൊതു വിഷയങ്ങളില്‍ നിലപാടും നിയമവും ഭരണഘടനാപരമായ പൗരജനങ്ങളുടെ കടമയും വിശദീകരിച്ചത് ശ്രദ്ധേയമായി. ക്ഷണിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരുമായ വിഭാഗമായിരുന്നു സദസ്.
മിസോറാം സംസ്ഥാനത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിലുണ്ടായ വികസന മാറ്റങ്ങള്‍, ഗോവയിലെ വികസന പദ്ധതികള്‍, രാജ്യം പൊതുവേ കൈവരിച്ച നേട്ടങ്ങള്‍ എന്നിവ ഗവര്‍ണര്‍ വിശദീകരിച്ചു.
രണ്ട് സുപ്രധാന സെമിനാറുകള്‍ സമൂഹത്തെയും സാമാന്യ ജനത്തേയും ബാധിക്കുന്ന വിഷയങ്ങളില്‍ വ്യക്തമായ നിരീക്ഷണം നടത്തി, ചിന്തകള്‍ പങ്കുവെച്ചു. വനിതാ സെമിനാറില്‍, വനിതകളുടെ സുരക്ഷ ശാരീരിക അതിക്രമങ്ങള്‍ക്കെതിരേ മാത്രമല്ല, സാമൂഹ്യ, സാമ്പത്തിക, നിയമ, നീതിന്യായ രംഗത്തുള്‍പ്പെടെ സമസ്ത മേഖലകളിലും ഉണ്ടാകേണ്ടതാണെന്ന നിരീക്ഷണം പങ്കുവെച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷ വിജയഭാരതി സയാനിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.
മാറുന്ന പ്രവണതകള്‍ എന്ന വിഷയത്തില്‍ നടന്ന സാഹിത്യ സെമിനാര്‍, വ്യാഖ്യാനങ്ങളും സാങ്കേതികതയും ഒളിയജണ്ടകളും സാഹിത്യ – സാംസ്കാരിക മണ്ഡലത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്തു. നിരൂപകന് ആഷാ മേനോനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.
ഇന്നലെ വിവിധ നൃത്തപരിപാടികളും മാതാ പേരാമ്പ്രയുടെ ചിലപ്പതികാരം സംഗീത നൃത്തശില്‍പ്പവും കലാസന്ധ്യക്ക് അഴകേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: