കൊച്ചി: മത്സരങ്ങള്‍ ഇന്ന് ഔദ്യോഗികമായി തുടങ്ങാനിരിക്കെ 66-ാം സംസ്ഥാന സ്കൂള്‍ കായിക മേളയുടെ പോയിന്റ് പട്ടികയില്‍ അക്കങ്ങള്‍ തെളിഞ്ഞു. 633 പോയിന്റുകളുമായി തിരുവനന്തപുരം രണ്ടാം സ്ഥാനക്കാരെക്കാള്‍ ബഹുദൂരം മുന്നിലാണ്. താരങ്ങള്‍ക്ക് ദേശീയ മത്സരങ്ങളുടെ ഭാഗമാകേണ്ടതിന്റെ സാങ്കേതിക പ്രശ്നമുള്ളതിനാല്‍ കായിക ഇനങ്ങളില്‍ പകുതിയോളം മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. ഇതിനാലാണ് മത്സരങ്ങള്‍ തുടങും മുമ്പേ ഇത്രയേറെ പോയിന്റുകള്‍ പട്ടികയില്‍ തെളിഞ്ഞുവന്നത്.
73 സ്വര്‍ണം, 56 വെള്ളി, 60 വെങ്കലം എന്ന കണക്കിലാണ് തിരുവനന്തപുരത്തിന്റെ നേട്ടം. സാധാരണ ഒളിംപിക്സ് മാതൃകയിലുള്ള ഇത്തരം ഗെയിംസുകളില്‍ സ്വര്‍ണം കൂടുതല്‍ നേടുന്നതിന്റെ അടിസ്ഥാനത്തിലാണ് ടീമുകളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. പക്ഷെ സ്കൂള്‍ കായിക മേളയില്‍ പതിവുപോലെ പോയിന്റ് അടിസ്ഥാനത്തില്‍ തന്നെ കാര്യങ്ങള്‍ തുടരും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5, 3, 1 പോയിന്റുകളാണ് ലഭിക്കുക. ഗെയിംസിലെ എല്ലാ വിഭാഗങ്ങളിലുമായി ആകെ 529 ഇനങ്ങളാണുള്ളത്. ഇതില്‍ 246 മത്സരങ്ങളാണ് ഇതിനകം പൂര്ത്തിയായിക്കഴിഞ്ഞത്. വിവിധ പ്രായവിഭാഗങ്ങളില്‍ ജൂനിയര്‍, സബ്ജൂനിയര് മത്സരങ്ങളാണ് നേരത്തെ പൂര്‍ത്തിയാക്കിയത്. കൊച്ചിയില്‍ സംസ്ഥാന കായിക മേളക്കൊപ്പം സംഘടിപ്പിക്കേണ്ട ഷൂട്ടിങ്, ചെസ്, ഹോക്കി മത്സരങ്ങളും ചടങ്ങ്പോലെ നേരത്തെ നടത്തിതീര്‍ത്തു. ഇതാണ് വിവിധ ജില്ലകള്‍ക്ക് മത്സരങ്ങള്‍ ഔദ്യോഗികമായി തുടങ്ങുംമുമ്പേ പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറക്കാന്‍ സഹായകമായത്.
307 പോയിന്റുള്ള കണ്ണൂരാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ രണ്ടാമത്, 35 വീതം സ്വര്‍ണവും വെങ്കലവും 25 വെള്ളിയും അവരുടെ അക്കൗണ്ടിലുണ്ട്. അത്ലറ്റിക്സിലെ കരുത്തരായ പാലക്കാട് 19 സ്വര്‍ണവും 33 വെള്ളിയും 43 വെങ്കലവുമുള്‍പ്പെടെ 289 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
തൃശൂര്‍ 282, എറണാകുളം 183, മലപ്പുറം 179, കോഴിക്കോട് 160 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ്നില. സ്കൂള്‍ വിഭാഗത്തിലും തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്കാണ് അപ്രമാദിത്യം. തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസ് (73) ആണ് മുന്നില്‍. വട്ടിയൂര്‍ക്കാവ് ഗവ.വിഎച്ച്എസ്എസ് (52), കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്എസ്എസ് (43) സ്കൂളുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗെയിംസ് വിഭാഗത്തില്‍ ഇനി 289 മത്സരങ്ങളാണ് ബാക്കിയുള്ളത്. അത്ലറ്റിക്സില് 98 ഇനങ്ങളിലാണ് മത്സരം, അക്വാട്ടിക്സില്‍ 103 ഇനങ്ങളിലും മത്സരമുണ്ട്.
എറണാകുളവും പാലക്കാടും മാറിമാറി ചാമ്പ്യന്മാരാവുന്ന സംസ്ഥാന സ്കൂള്‍ കായികമേളയിലെ പതിവ് രീതിക്കും ഇത്തവണ മാറ്റമുണ്ടായേക്കുമെന്ന സൂചനയാണ് ഓവറോള്കിരീടത്തിലെ നിലവിലെ സ്ഥാനങ്ങള്‍ നല്‍കുന്നത്. അത്്ലറ്റിക്സിലെ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെ സംസ്ഥാന തല ചാമ്പ്യന്മാരെയും സ്കൂളുകളെയും നിശ്ചയിച്ചിരുന്നത്. ഇത്തവണ മറ്റു 34 കായിക ഇനങ്ങള്‍ കൂടി ചേര്‍ത്ത് ഒറ്റ മേളയായാണ് സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: