Football

സൂപ്പര്‍ ലീഗ് കേരള: ഒന്നാം സെമി ഇന്ന് കൊമ്പന്‍സ്-കാലിക്കറ്റ്

Published by

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമിനെ ഇന്നറിയാം. ഒന്നാം സെമിയില്‍ കാലിക്കറ്റ് എഫ്‌സിയും തിരുവനന്തപുരം കൊമ്പന്‍സും ഏറ്റുമുട്ടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം തുടങ്ങുക.

ലീഗ് റൗണ്ടിലെ പത്തില്‍ അഞ്ച് ജയവും നാല് സമനിലയും സഹിതം 19 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് കാലിക്കറ്റ് സെമിയിലേക്ക് കുതിച്ചത്. മൂന്ന് ജയവും നാല് സമനിലയുമുള്‍പ്പെടെ 13 പോയിന്റുമായി കൊമ്പന്‍സ് കടന്നുകൂടുകയായിരുന്നു. നിര്‍ണായകമായ അവസാന ലീഗ് പോരാട്ടത്തില്‍ കരുത്തരായ മലപ്പുറം എഫ്‌സിയെ സമനിലയില്‍ തളച്ചതോടെയാണ് കൊമ്പന്‍സ് സെമിബെര്‍ത്ത് ഉറപ്പിച്ചത്.

-->

ടീം എന്ന നിലയിലും കളിക്കാരുടെ വ്യക്തിഗത മികവിലും ഏറെ മുന്നിലാണ് കാലിക്കറ്റ്. കോച്ച് ഇയാന്‍ ആന്‍ഡ്രൂ ഗിലാന്‍ കളിക്കാരെ മാറ്റിപ്പരീക്ഷക്കുമ്പോള്‍ പോലും ടീമിന്റെ കെട്ടുറപ്പ് നഷ്ടമായിരുന്നില്ല. ലീഗ് മത്സരങ്ങളിലെ കളിമികവ് കണക്കാക്കിയാല്‍ കാലിക്കറ്റ് പ്രതിഭായര്‍ന്നൊരു താരനിരയാണുള്ളത്. മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമായി ഗനി അഹമ്മദ് നിഗം, നാല് ഗോളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെല്‍ഫോര്‍ട്ട്, ഗോള്‍ തടയുകയും ഗോളടിക്കുകയും ചെയ്യുന്ന അബ്ദുല്‍ ഹക്കു തുടങ്ങിയവരെല്ലാം അവരുടെ കരുത്താണ്. ഇക്കൂട്ടില്‍ കൂടിയിട്ടുള്ള മുഹമ്മദ് റിയാസിനെ പോലുള്ള യുവതാരങ്ങളും ജിജോ ജോസഫ്, ബ്രിട്ടോ ഉള്‍പ്പടെയുള്ള പരിചയസമ്പന്നരുടെയും സാന്നിധ്യം കൂടിയാകുമ്പോള്‍ കാലിക്കറ്റ് എതിരാളികള്‍ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ല.

ബ്രസീലിയന്‍ കോച്ചും കളിക്കാരുമാണ് കൊമ്പന്‍സിന്റെ കാമ്പ്. നീളക്കാരന്‍ ഗോളി മിഖായേല്‍ സാന്റോസ്, കളംമുഴുവന്‍ പറന്നു കളിക്കുകയും ഗോള്‍ സഹായത്തില്‍ മുന്നില്‍ (നാല്) നില്‍ക്കുകയും ചെയ്യുന്ന പാട്രിക് മോട്ട, ഇതിനോടകം മൂന്ന് ഗോള്‍ സ്‌കോര്‍ ചെയ്ത ഓട്ടിമര്‍ ബിസ്പൊ എന്നിവരെല്ലാം സെര്‍ജിയോ അലക്‌സാണ്ടര്‍ പരിശീലിപ്പിക്കുന്ന കൊമ്പന്‍സിനെ പ്രവചനങ്ങള്‍ക്ക് വഴങ്ങാത്ത ടീമാക്കുന്നു. അബ്ദുല്‍ ബാദിശ്, ഗണേശന്‍ തുടങ്ങിയ സീസണല്‍ കളിക്കാരും ടീമിന്റെ മികവാണ്. താരതമ്യേന കാലിക്കറ്റ് കരുത്തരെങ്കിലും ലീഗ് ഘട്ടത്തില്‍ അവരെ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ തളയ്‌ക്കാന്‍ കൊമ്പന്‍സിന് സാധിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്ത് വച്ച് 1-4ന്റെ തോല്‍വി വഴങ്ങുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക