ജറുസലം ; ലേസർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘അയൺ ബീം’ പ്രതിരോധ സംവിധാനം അടുത്ത വർഷത്തോടെ ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ട് . ഇപ്പോഴുള്ള പ്രതിരോധ സംവിധാനമായ അയൺ ഡോമിനു പുറമേയാണ് അയൺ ബീം സംവിധാനം വികസിപ്പിക്കുന്നത്.ശക്തമായ പവര്‍ ലേസര്‍ ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനമാണ് ഇസ്രായേൽ നടപ്പാക്കുന്നത്.
അയൺ ബീം മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ, മോർട്ടറുകൾ എന്നിവ കൃത്യതയോടെ തിരിച്ചറിയുകയും അതിവേഗം നശിപ്പിക്കുകയും ചെയ്യും. ഈ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ ഇസ്രയേൽ സ്വന്തം രാജ്യത്തെ കമ്പനികളിൽ 500 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.റോക്കറ്റുകൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയിൽ നിന്നു പഴുതില്ലാത്ത സുരക്ഷ ഇപ്രകാരം ലഭിക്കുമെന്നാണ് ഇസ്രയേൽ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടങ്ങളിൽ അയൺഡോമിനൊപ്പമാകും അയൺബീം പ്രവർത്തിക്കുക. പിൽക്കാലത്ത് അയൺബീമാകും പ്രധാന മിസൈൽ പ്രതിരോധ സംവിധാനമെന്ന് ഇസ്രയേൽ പ്രതിരോധവിദഗ്ധർ പറഞ്ഞിരുന്നു.
2021 ജൂണിൽ വിമാനങ്ങളിൽ സ്ഥാപിച്ച കരുത്തുറ്റ ലേസർ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ ഇസ്രയേൽ തകർത്തിരുന്നു. 100 ശതമാനം വിജയമായിരുന്നു ഈ സംവിധാനം. ഇതിൽ ഉപയോഗിച്ചതു പോലെ 100 കിലോവാട്ട് പവറുള്ള കരുത്തേറിയ ലേസറാകും പുതിയ സംവിധാനത്തിലും ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: